വിമാന ഇന്ധനത്തിന് വില കൂട്ടിയതോടെ രാജ്യത്തെ ഏറ്റവും വലിയ എയർലൈൻസായ ഇൻഡിഗോയും ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ചു. ടിക്കറ്റിൻ്റെ അടിസ്ഥാനനിരക്കിനൊപ്പം ഈടാക്കുന്ന ഇന്ധനസർച്ചാർജാണ് വർധിപ്പിച്ചത്.

ഇതോടെ വിമാനയാത്ര ഇനി ചെലവേറും. ഇൻഡിഗോയുടെ ആഭ്യന്തര സർവീസുകളിൽ 275 രൂപ മുതൽ 950 രൂപ വരെയാണ് വർധനവ്. അന്താരാഷ്ട്ര സർവീസുകളിൽ 900 രൂപ മുതൽ പതിനായിരം രൂപവരെയും വർധിപ്പിച്ചിട്ടുണ്ട്.

ആഭ്യന്തരസർവീസുകളിൽ 500 കിലോമീറ്റർ ദൂരത്തിന് താഴെയുള്ള യാത്രകൾക്ക് 275 രൂപയാണ് ഉയർത്തിയത്. 2,000 കിലോമീറ്റർ ദൂരത്തിന് മുകളിലുള്ള ടിക്കറ്റിന് 950 രൂപയും ഉയർത്തി. അന്താരാഷ്ട്ര സർവീസുകളിൽ യുകെയിലേക്കും ഗ്രീസ്, തുർക്കി എന്നിവ ഒഴികെയുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്കുമുള്ള സർവീസുകൾക്കാണ് ഇന്ധനസർച്ചാർജ് ഏറ്റവും കൂടുതൽ വർധിപ്പിച്ചിട്ടുള്ളത്.