ഒട്ടേറെ വാദപ്രതിവാദങ്ങൾക്കും ഉദ്ഘാടനമാമാങ്കങ്ങൾക്കുമൊടുവിൽ കടവുപുഴ പാലത്തിന്റെ പുനർ നിർമ്മാണം ഇന്ന് (11.11.2026) ഒരു ഔദ്യാഗിക ചടങ്ങുമില്ലാതെ ആരംഭിച്ചു. അവകാശ വാദങ്ങൾ ഒന്നുമില്ലാതെ പണി പൂർത്തീകരിച്ച് ജനങ്ങൾക്ക് തുറന്നു കൊടുക്കണമെന്ന മാണി സി കാപ്പന്റെ നിർദ്ദേശത്തെത്തുടർന്നാണ് നിർമ്മാണ ഉദ്ഘാടനമില്ലാതെ പണി ആരംഭിച്ചത്. 20 21 ലെ പ്രകൃതിക്ഷോഭത്തെത്തുടർന്ന് തകർന്നു പോയ പാലം നിർമ്മിക്കുന്നതിനുള്ള പരിശ്രമത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. തലനാട്, മേലുകാവ് പ്രദേശത്തുള്ള ജനങ്ങൾക്ക് എളുപ്പം മൂന്നിലവിൽ എത്താനുള്ള മാർഗ്ഗമാണ് പാലം തകർന്നതോടെ ഇല്ലാതായത്.

മാണി സി കാപ്പൻ എം.എൽ.എ ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടതു സർക്കാരിൽ നിരന്തരം സമ്മർദ്ദം ചെലുത്തിയെങ്കിലും ഫലമുണ്ടായില്ല. കോട്ടയം ജില്ലയിലുണ്ടായ പ്രളയക്കെടുതികൾ നേരിട്ട് മനസ്സിലാക്കാനായി എത്തിയ മന്ത്രിമാരായ വി.എൻ വാസവനും കെ. രാധാകൃഷ്ണനും കടവുപുഴ പാലം എത്രയും വേഗം പുനർ നിർമ്മിക്കുമെന്ന് ജനങ്ങൾക്ക് വാക്കു കൊടുത്തെങ്കിലും കാര്യങ്ങൾ മുമ്പോട്ടു പോയില്ല. തുടർന്ന് മാണി സി.കാപ്പൻ തന്റെ എം.എൽ.എ ഫണ്ടിൽ നിന്നും 5 കോടി രൂപ കടവുപുഴ പാലം പുനർ നിർമ്മാണത്തിനായി നീക്കിവെച്ചങ്കിലും പാലം പഞ്ചായത്തിന്റെ ആസ്തിയിലാണെന്ന കാരണം പറഞ്ഞ് നിർമ്മാണം തടയുകയായിരുന്നു. പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെടുന്ന നിരവധി ആളുകൾ വസിക്കുന്ന മേച്ചാൽ, തലനാട് നിവാസികളുടെ ദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തിൽ നിരവധി പ്രക്ഷോഭങ്ങളും ഇതിനിടയിൽ നടക്കുകയുണ്ടായി.

ഇടതു സർക്കാർ രാഷ്ട്രീയ വൈരം തീർക്കാനുള്ള വേദിയായി കടവുപുഴ പാല നിർമ്മാണത്തെ മാറ്റിയെന്ന് ബോദ്ധ്യപ്പെട്ട മാണി സി. കാപ്പൻ ആവശ്യത്തിന് സ്ഥലം ലഭിക്കാത്തതു മൂലം മുടങ്ങിപ്പോയ ചില്ലച്ചി പാലത്തിന്റെ ഫണ്ട് ഈ ആവശ്യത്തിലേക്ക് നീക്കിവെക്കണമെന്നാവശ്യപ്പെട്ട് നിരന്തരമായി നടത്തിയ പോരാട്ടത്തിനൊടുവിൽ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്ത് അനുകൂല ഉത്തരവ് സമ്പാദിച്ചതേടെയാണ് പാലം പുനർ നിർമ്മാണത്തിനുള്ള വഴി തെളിഞ്ഞത്. സമയബന്ധിതമായി സാങ്കേതികാനുമതിയും ഭരണാനുമതിയും നൽകണമെന്ന കോടതി നിർദ്ദേശത്തെത്തുടർന്നാണ് പ്രദേശവാസികളുടെ ചിരകാല സ്വപ്നം യാഥാർത്ഥ്യമാകുന്നത്. പുതിയ സർക്കാർ വന്നതോടെ ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് പണി ആരംഭിച്ചതോടെ മാണി സി. കാപ്പന്റെ ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടി സഫലമാകുകയാണ്. മൂവാറ്റുപുഴ സ്വദേശിയായ കോൺട്രാക്ടർ ജോർജിന്റെ മേൽനോട്ടത്തിൽ നടക്കുന്ന പണിയുടെ തുടക്കത്തിന് സാക്ഷ്യം വഹിക്കാൻ ജനപ്രതിനിധികളും നാട്ടുകാരും സംഘടിച്ചെത്തിയിരുന്നു.

യു.ഡി.എഫ് ചെയർമാൻ ഷൈൻ പാറയിൽ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പയസ് ചൊവ്വാറ്റു കുന്നേൽ, ഷെയ്സ് വാഴയിൽ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ചാർളി ഐസക് , ജോഷി ജോഷ്വ, പൊതുമരാമത്ത് വകുപ്പ് ജില്ല എക്സിക്യൂട്ടീവ് എഞ്ചിനീയർ റാണി വിജയലക്ഷ്മി ,കെ.ഡി.പി നേതാവ് എം.പി കൃഷ്ണൻ നായർ, റ്റി.വി ജോർജ് , ബോബി പൂതംകുന്നേൽ, ജയിംസ് മണ്ണൂർ, റ്റോമിച്ചൻ കുരിശുങ്കൽ പറമ്പിൽ ജോയി കുളത്തുങ്കൽ ,അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സന്തോഷ്, ജോർജ് ഏലിയാസ്,പഞ്ചായത്ത് ഭരണ സമിതിയംഗങ്ങൾ പൊതുമരാമത്ത്, ജലവിഭവം, വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പാലത്തിന്റെ പുനർ നിർമ്മാണം ആരംഭിച്ചു.