കൊല്ലം കുണ്ടറയ്ക്ക് അടുത്ത് പെരുമ്പുഴ ആലുംമൂട് ജങ്ഷനിൽ പരിപ്പുവടയ്ക്ക് ഉപ്പ് കുറഞ്ഞെന്നാരോപിച്ച് ചായക്കട അടിച്ചുതകർക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു.ചൊവ്വാഴ്ച വൈകിട്ട് 5:30-ഓടെയാണ് ‘ടീ മേറ്റ്’ (Tea Mate) എന്ന തട്ടുകടയിൽ ഈ ആക്രമണം ഉണ്ടായത്.

കടയിൽ ചായ കുടിക്കാനെത്തിയ ‘കൊള്ളി’ നിയാസ്, സുഹൃത്ത് ജാക്സൺ എന്നിവരാണ് ആക്രമണത്തിന് പിന്നിൽ. ഇവർക്കെതിരെ കൊട്ടിയം പൊലീസ് കേസെടുത്തിട്ടുണ്ട്.പരിപ്പുവടയ്ക്ക് ഉപ്പ് കുറവാണെന്ന് പറഞ്ഞ് ഇവർ കടയിലെ ജീവനക്കാരനായ മോഹനനുമായി വാക്കേറ്റമുണ്ടാക്കുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഇതിനിടയിൽ കടയിൽ വെച്ചിരുന്ന തിളച്ച എണ്ണ മോഹനന്റെ ദേഹത്തേക്ക് ഒഴിച്ചു.

തിളച്ച എണ്ണ വീണും മർദ്ദനമേറ്റും ജീവനക്കാരൻ മോഹനന്റെ വാരിയെല്ലിനും ശരീരത്തിലും സാരമായി പൊള്ളലേറ്റു. ഇത് തടയാൻ ചെന്ന കടയുടമ നാസിമിനെ പ്രതി നിയാസ് കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ചു.

തടയാൻ എത്തിയ നാട്ടുകാരെയും കത്തികാട്ടി ഭീഷണിപ്പെടുത്തിയ ശേഷം പ്രതികൾ കടയിലെ ഉപകരണങ്ങളും സാധനങ്ങളും അടിച്ചുതകർത്തു.
ഗുരുതരമായി പരിക്കേറ്റ നാസിമും മോഹനനും ആശുപത്രിയിൽ ചികിത്സയിലാണ്. ഒളിവിൽ പോയ പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.ആക്രമണം നടത്തിയവർ പ്രദേശത്ത് മാരകായുധങ്ങളുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഗുണ്ടാപ്പിരിവ് നടത്തുകയും ചെയ്യാറുണ്ടെന്ന് നേരത്തെയും പരാതിയുണ്ടായിരുന്നുവെന്നാണ് കടയുടമയുടെ ആരോപണം. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.