ജിദ്ദ: വിമാന യാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥതയെത്തുടർന്ന് ക്യാബിൻ മാനേജർ മരിച്ചു. ജിദ്ദയിൽനിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട സൗദി എയർലൈൻസിന്റെ എസ്.വി 119 വിമാനത്തിലെ ക്യാബിൻ മാനേജർ മുഹ്സിൻ അൽസഹ്‌റാനിയാണ് മരിച്ചത്.

ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചപ്പോൾ തന്നെ സഹപ്രവർത്തകർ അദ്ദേഹത്തിന് പ്രഥമിക ചികിത്സ നൽകി. വിമാനം അടിയന്തരമായി കെയ്‌റോ വിമാനത്താവളത്തിൽ ഇറക്കാൻ ശ്രമിക്കുന്നതിടെയാണ് മരിക്കുന്നത്.

ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി ഈജിപ്തിലെ സൗദി എംബസിയുമായി ഏകോപനം പുരോഗമിക്കുകയാണെന്ന് സൗദി എയർലൈൻസ് അധികൃതർ പറഞ്ഞു. കാബിൻ മാനേജരുടെ മരണത്തിൽ സൗദി എയർലൈൻസ് അനുശോചിച്ചു.

