തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അരിഷ്ടത്തിൽ ആൽക്കഹോൾ ചേർത്ത് വിൽപന. ആയുർവേദ ഫാർമസിയുടെ മറവിൽ പിപ്പല്യാസവം, മുസ്താരിഷ്ടം ഇങ്ങനെ പലവിധ പേരുകളിലാണ് അരിഷ്ടം വിൽക്കുന്നത്. ജീവൻ ആയുർവേദ പഞ്ചകർമ്മ ചികിത്സാലയത്തിൻ്റെ മറവിൽ ആണ് അരിഷ്ടത്തിൽ ലഹരി കലർത്തി വിൽപന നടത്തി വന്നത്.

അരിഷ്ടം എക്സൈസ് കസ്റ്റഡിയിലെടുത്തു. സിപിഐഎം പെരുങ്കടവിള ലോക്കൽ കമ്മിറ്റി അംഗം തങ്കരാജിന്റെ ഉടമസ്ഥതയിലുളളതാണ് സ്ഥാപനം. വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അംഗമാണ് തങ്കരാജ്. അരിഷ്ടം ഉണ്ടാക്കുന്നത് ഒറ്റശേഖരമംഗലത്ത് നിന്നാണെന്ന് ഫാർമസി ജീവനക്കാരൻ പറഞ്ഞു.
എന്നാൽ അരിഷ്ടത്തിൽ മദ്യം ചേർക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ജീവനക്കാരൻ മറുപടി നൽകിയില്ല. ബെവ്കോയ്ക്ക് സമാനമായി അരിഷ്ട വിൽപന നടത്തുന്നത്. കടയിലെത്തുന്നവർക്ക് അരിഷ്ടം എന്ന് ചോദിച്ചാൽ മതി, ഡോക്ടറിന്റെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ തന്നെ ഇവർ മരുന്ന് നൽകും. കുപ്പിയിൽ ഗ്ലാസിലേക്ക് ഒഴിച്ചുകൊടുത്താണ് ആയുർവേദ ഫാർമസിയുടെ അരിഷ്ട കച്ചവടം.

