പൊടിപ്പ് മില്ല് തുടങ്ങാൻ ചെന്ന മിനിയെ പൊടിച്ചു വിട്ട ഉദ്യോഗസ്ഥർക്ക് പണി വരുന്നു:മന്ത്രി പി രാജീവ് ഇടപെട്ടു - Kottayam Media

Crime

പൊടിപ്പ് മില്ല് തുടങ്ങാൻ ചെന്ന മിനിയെ പൊടിച്ചു വിട്ട ഉദ്യോഗസ്ഥർക്ക് പണി വരുന്നു:മന്ത്രി പി രാജീവ് ഇടപെട്ടു

Posted on

വീടിനോടു ചേര്‍ന്നു പൊടി മില്‍ സ്ഥാപിക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ പള്ളുരുത്തി മേഖലാ ഓഫീസിലെ റവന്യു ഉദ്യോഗസ്ഥന്‍ കൈക്കൂലി ചോദിച്ചെന്ന ആരോപണത്തില്‍ വ്യവസായ മന്ത്രി പി.രാജീവിന്റെ അടിയന്തര ഇടപെടല്‍. ഇതു സംബന്ധിച്ചു വാര്‍ത്ത പുറത്തു വന്നു മണിക്കൂറുകള്‍ക്കുള്ളില്‍ മന്ത്രി പി. രാജീവ് വനിതാ സംരംഭക മിനി ജോസിയുമായി സംസാരിച്ചു. രണ്ടു ദിവസത്തിനുള്ളില്‍ രേഖകളെല്ലാം ശരിയാക്കി നല്‍കുന്നതിനു നടപടി സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

‘വിഷമിക്കണ്ട, എല്ലാത്തിനും കൂടെയുണ്ടാകും’ എന്നു മന്ത്രി ഉറപ്പു നല്‍കി. ഇനി കോര്‍പ്പറേഷനിലും ഒരു സ്ഥാപനങ്ങളിലും കയറി ഇറങ്ങണ്ട, രേഖകള്‍ ശരിയാക്കുന്നതിനായി പണം മുടക്കേണ്ടതില്ല. കോര്‍പറേഷനിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എ. ശ്രീജിത്തിനെയും പതിനേഴാം ഡിവിഷന്‍ കൗണ്‍സിലര്‍ സി.എന്‍ രഞ്ജിത്തിനെയും പ്ലാന്‍ വരയ്ക്കാനും മറ്റും കാര്യങ്ങള്‍ക്കും ചുമതലപ്പെടുത്തിയിട്ടുണ്ട്’ എന്നും മന്ത്രി പറഞ്ഞതായി മിനി പറഞ്ഞു..

‘ഇന്നലെ രാത്രി ശ്രീജിത്തും രഞ്ജിത്തും പൊതു പ്രവര്‍ത്തകന്‍ ക്ലിന്റ് ബുബാവിനൊപ്പം വീട്ടിലെത്തിയിരുന്നു. ഈ സമയത്താണ് ശ്രീജിത്തിന്റെ ഫോണിലേയ്ക്കു വിളിച്ചു മന്ത്രി സംസാരിച്ചത്. ശരിക്കും അല്‍ഭുതപ്പെട്ടുപോയി നമ്മള്‍ പാവപ്പെട്ടവരോടു മന്ത്രി ഇങ്ങനെ സംസാരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല’-എന്നും അവര്‍ പറഞ്ഞു. 14 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്കെത്തുമ്പോള്‍ വൃദ്ധരായ മാതാപിതാക്കള്‍ക്ക് കൈത്താങ്ങാകാമെന്ന ഒറ്റ ലക്ഷ്യമായിരുന്നു മിനിക്കുണ്ടായിരുന്നത്.

അതിനായി വീടിനോടു ചേര്‍ന്നുള്ള പഴയ കെട്ടിടത്തില്‍ പൊടിപ്പ് മില്‍ തുടങ്ങാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഇതിനായി കേന്ദ്ര സര്‍ക്കാരിന്റെ മുദ്രാ വായ്പയ്‌ക്ക് അപേക്ഷിക്കാനായാണ് രേഖകള്‍ തയ്യാറാക്കാന്‍ ഒന്നരമാസമായി ഓഫീസുകള്‍ തോറും കയറി ഇറങ്ങുകയാണ്. ആരോഗ്യ വിഭാഗത്തില്‍ നിന്നും മലിനീകരണ ബോര്‍ഡില്‍ നിന്നുമെല്ലാം അനുമതി ലഭിച്ചു. കോര്‍പ്പറേഷന്‍ ഓഫീസില്‍ ചെന്നപ്പോള്‍ ആദ്യത്തെ ഓഫിസില്‍ ആവശ്യപ്പെട്ടത് 25,000 രൂപ. അഞ്ചു പേര്‍ക്ക് അയ്യായിരം രൂപ വീതം നല്‍കാനാണെന്നു പറഞ്ഞു

കെട്ടിടം വ്യാവസായിക ആവശ്യത്തിനുള്ളതാക്കി മാറ്റിയാല്‍ മാത്രമേ പദ്ധതി തുടങ്ങാനാകൂ. ഇതിനായി റവന്യു ഓഫീസില്‍ അഞ്ചു പ്രാവശ്യമെങ്കിലും ചെന്നു. ഓരോ പ്രാവശ്യം ചെല്ലുമ്പോഴും ഓരോ കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കി വിടും. ഒടുവില്‍ കെട്ടിടത്തിനു പുറത്തു വെച്ചു ഓഫീസിലെ ജീവനക്കാരന്‍ പറഞ്ഞു ”അതിനു ചില കാര്യങ്ങളൊക്കെ ഉണ്ട് കേട്ടോ” എന്ന്. ഇത് കൈക്കൂലി ലഭിക്കാനാണെന്ന് അപ്പോഴേ മനസിലായി. കൊച്ചി കോര്‍പ്പറേഷന്റെ പള്ളുരുത്തി മേഖലാ കാര്യാലയത്തിലെ റവന്യൂ വകുപ്പു ജീവനക്കാരന്‍ കൈക്കൂലി ചോദിച്ചതോടെ എല്ലാം മതിയാക്കാനുള്ള തീരുമാനം. ഓഫീസിലെത്തി അപേക്ഷ നല്‍കിയപ്പോള്‍ 25 വര്‍ഷം മുമ്പുള്ള കെട്ടിട നമ്പരും , ഫോണ്‍ നമ്പറും വേണമെന്നു പറഞ്ഞു. വര്‍ഷങ്ങളായി നികുതി അടയ്‌ക്കുന്ന കെട്ടിടത്തിന്റെ വിവരങ്ങള്‍ അവരുടെ അടുത്തില്ലെന്ന് പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും. ഒടുവില്‍ അവിടെ ജീവനക്കാരനോട് ”നിനക്കും അയ്യായിരം രൂപ തരാം” എന്ന് പറഞ്ഞ് മിനിയുടെ അമ്മ ഫിലോമിന ദേഷ്യപ്പെട്ടു.

അപ്പോഴേയ്‌ക്കും ‘ഇറങ്ങിപ്പോടീ ഇവിടെ നിന്ന്.. നിനക്ക് ഇവിടെ നിന്ന് ഒന്നും കിട്ടുകില്ല..” എന്നു പറഞ്ഞു ജീവനക്കാരന്‍ ദേഷ്യപ്പെട്ടു. ഫിലോമിനയെ തള്ളി മാറ്റി അടിക്കാനായി അവിടെ കിടന്ന കസേരയും ഉയര്‍ത്തി. വ്യവസായിക സൗഹാര്‍ദ്ദം എന്ന് അവകാശപ്പെടുന്ന ഇവിടെ ഇനി ഒന്നും നടക്കില്ലെന്ന നിരാശയിലാണ് അത്ര നാള്‍ 16,000 രൂപ മുടക്കി സമ്പാദിച്ച രേഖകളെല്ലാം കീറി ഉദ്യോഗസ്ഥരുടെ മുന്നിലേയ്‌ക്ക് ഇട്ടു കൊടുത്തത്.

ഓഫീസില്‍ നേരിട്ട കാര്യങ്ങള്‍ വിജിലന്‍സിലും അറിയിച്ചു. തുടര്‍ന്ന് ഓഫീസില്‍ നിന്ന് ഒത്തുതീര്‍പ്പിനും ശ്രമമുണ്ടായി. ഇക്കാര്യം നാട്ടുകാരെ അറിയിക്കുന്നതിനാണ് സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റു ചെയ്തതെന്ന് മിനി പറഞ്ഞു. ആരും ജോലി കളഞ്ഞു നമ്മുടെ നാട്ടില്‍ ഇനി ബിസിനസ് ചെയ്യാനായി ഇങ്ങോട്ട് കയറി വരരുത് എന്നും യുവതി പോസ്റ്റില്‍ പറയുന്നുണ്ട്. മിനി വിവരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ കൈക്കൂലിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷമായ പ്രതികരണമാണ് ഉയര്‍ന്നത്. സംഭവം അറിഞ്ഞ വിജിലന്‍സ് ഉദ്യോഗസ്ഥരും ബന്ധപ്പെട്ട് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടു. പരാതി നല്‍കിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി യുവതിയുടെ മൊഴിയെടുത്തിട്ടുണ്ട്. കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി കര്‍ശന നടപടി എടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും മിനി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version