മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസ് സുപ്രീം കോടതി തള്ളി. ഷാജി കൈക്കൂലി ആവശ്യപ്പെട്ടെന്ന് ഒരു മൊഴി പോലുമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. കോടതി 54 സാക്ഷിമൊഴികൾ പരിശോധിച്ചു.
ലീഗ് നേതാവ് കൈക്കൂലി വാങ്ങിയെന്ന ഒരു മൊഴിയെങ്കിലും കാട്ടിത്തരാൻ കഴിയുമോയെന്നും കോടതി ചോദിച്ചു. ഇങ്ങനെയെങ്കിൽ എല്ലാ രാഷ്ട്രീയക്കാരെയും ഒരോ കേസിൽ പ്രതിയാക്കാമല്ലോയെന്നും കോടതി കൂട്ടിച്ചേർത്തു. അന്വേഷണം നടക്കുമ്പോൾ അത് പൂർത്തിയാകാതെ കേസ് റദ്ദാക്കിയ ഹൈക്കോടതി നടപടി ശരിയല്ലെന്ന് കേരള സർക്കാർ സുപ്രീംകോടതിയിൽ വാദിച്ചു.
മൊഴി നൽകിയവരിൽ ആരെങ്കിലും ഷാജി പണം ആവശ്യപ്പെട്ടുവെന്നോ വാങ്ങിയിട്ടുണ്ടെന്നോ മൊഴി നൽകിയിട്ടുണ്ടോ എന്നും ജസ്റ്റിസുമാരായ അഭയ് എസ് ഓക, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവർ അടങ്ങിയ ബെഞ്ച് ചോദിച്ചു.