കൊച്ചി: വയനാട് ഉരുള്‍പ്പൊട്ടലില്‍ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കാന്‍ നടത്തിയ പോര്‍ക്ക് ചലഞ്ചുമായി ഉയര്‍ന്നുവരുന്ന വിവാദങ്ങളില്‍ പ്രതികരണവുമായി ഡിവൈഎഫ്‌ഐ കോതമംഗലം യൂണിറ്റ് സെക്രട്ടറി.
ഏതെങ്കിലും മതസമൂഹത്തെ വ്രണപ്പെടുത്താന്‍ വേണ്ടിയല്ല ചലഞ്ച് നടത്തിയതെന്നും തങ്ങളുടെ പ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ കഴിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് പന്നിയിറച്ചിയെന്നും യൂണിറ്റ് സെക്രട്ടറി ജിയോ പിയോസ് പറഞ്ഞു. കൂടുതല്‍ പണം സമാഹരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അല്ലാതെ മതസമൂഹത്തെ വ്രണപ്പെടുത്തലല്ലെന്നും പിയോസ് ദേശീയ മാധ്യമമായ ദ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു. മതേതര രാജ്യമായ ഇന്ത്യയില്‍ അവരരുടെ താല്‍പര്യത്തിനനുസരിച്ച് ഭക്ഷണം കഴിക്കാനുള്ള അവകാശമുണ്ടെന്നും സംസ്ഥാനത്തെ പൗരന്മാരുടെ അവകാശങ്ങള്‍ ഹനിക്കുന്ന ഒരു നടപടിയും സംഘടന സ്വീകരിച്ചിട്ടില്ലെന്നും എറണാകുളം ജില്ലാ സെക്രട്ടറി അന്‍ശാസ് എഎയും പറഞ്ഞു
വയനാട് ദുരിതബാധിതര്‍ക്ക് വീടുവെച്ച് നല്‍കുന്ന ഡിവൈഎഫ്‌ഐ പദ്ധതിയിലേക്ക് പണം സമാഹരിക്കുന്നതിനാണ് കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ കോതമംഗലം മുന്‍സിപ്പല്‍ നോര്‍ത്ത് ഏരിയാ കമ്മിറ്റി പോര്‍ക്ക് ചലഞ്ച് സംഘടിപ്പിച്ചത്. എന്നാല്‍ ശനിയാഴ്ച ചലഞ്ച് പ്രഖ്യാപിച്ചതിന് പിന്നാലെ ചലഞ്ചിനെതിരെ സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി രംഗത്തെത്തിയിരുന്നു. ചലഞ്ചിലൂടെ മതനിന്ദ ഒളിച്ചുകടത്തുകയാണെന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.