കൊച്ചി: ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍. ഫോര്‍ട്ട് കൊച്ചി സ്വദേശികളായ മുഹ്‌സിന്‍ (മൂസിന്‍ 28), മുഹമ്മദ് സഹില്‍ (25) എന്നിവരെയാണ് റൂറല്‍ ജില്ലാ ഡാന്‍സാഫും അങ്കമാലി പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഇവരുടെ കൈവശം 550 ഗ്രാം എംഡിഎംഎ ആണ് ഉണ്ടായിരുന്നത്.

പ്രതികള്‍ ബംഗളൂരുവില്‍ നിന്നും രാസ ലഹരി വാങ്ങി ബൈക്കില്‍ വാണിയംപാറ വരെ സഞ്ചരിച്ചു. തുടര്‍ന്ന് കൊച്ചി നഗരത്തില്‍ വില്‍പ്പന നടത്തുന്നതിനായി അവിടെ നിന്നും ടാക്‌സി കാറില്‍ പോകുന്ന വഴി അങ്കമാലിയില്‍ വച്ച് സാഹസികമായി വണ്ടി തടഞ്ഞ് ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

ഫ്‌ലാസ്‌കില്‍ പ്രത്യേക അറയുണ്ടാക്കി അതിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു രാസലഹരി. സിറ്റിയിലെ മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളാണിവര്‍ എന്ന് പൊലീസ് പറഞ്ഞു.