കോഴിക്കോട്: തൊപ്പി എന്ന യൂട്യൂബറും ഓണ്‍ലൈന്‍ ഗെയിമറുമായ മുഹമ്മദ് നിഹാദിനും സുഹൃത്തുക്കൾക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി.

പോക്സോ കേസുകള്‍, നര്‍ക്കോട്ടിക്, എംഡിഎംഎ ഉപയോഗം, മാനസിക-ശാരീരിക പീഡനങ്ങള്‍, അശ്ലീല പ്രചാരണം, സൈബര്‍ കുറ്റകൃത്യങ്ങള്‍ തുടങ്ങിയ ആരോപണങ്ങളിലാണ് നിഹാദിനും സുഹൃത്തുക്കള്‍ക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അഡ്വ. ശ്രീജിത്ത് പെരുമനയുടെ പരാതിയിലാണ് ഡിജിപി റവാഡ ചന്ദ്രശേഖറിന്റെ ഉത്തരവ്. സംസ്ഥാന സൈബര്‍ ഓപ്പറേഷന്‍സ് സൂപ്രണ്ട് അങ്കിത് അശോകനാണ് അന്വേഷണ ചുമതല.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിഹാദും നിഹാദിന്റെ എംആര്‍എസ് ഗ്യാങ്ങില്‍ ഒപ്പമുണ്ടായിരുന്ന മമ്മു എന്ന മുഹമ്മദും ഷമീറും ജാസിയും പരസ്പരം ആരോപണ- പ്രത്യാരോപണങ്ങള്‍ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം നിഹാദിനെതിരെ മുഹമ്മദും ഷമീറും ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. തൊപ്പി എംഡിഎംഎ ഉപയോഗിക്കുകയും പ്രായപൂര്‍ത്തിയാകാത്തവരെ ചൂഷണം ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നാണ് സുഹൃത്തുക്കള്‍ ആരോപിച്ചത്.

തൊപ്പിയുടെ മുറിയില്‍ നിന്നും കഞ്ചാവ് പാക്കറ്റ് പുറത്തെടുക്കുന്ന വീഡിയോയും പുറത്തുവിട്ടിരുന്നു. തൊപ്പി ലൈംഗിക ചൂഷണം നടത്തിയെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് അവര്‍ക്ക് പണം നല്കി പ്രശ്നം ഒതുക്കിയെന്നും ഇവര്‍ ആരോപിച്ചിരുന്നു.