ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് റെയിൽവേ. മരിച്ചവരുടെ ബന്ധുകൾക്ക് 10 ലക്ഷം രൂപയും, ഗുരുതരമായി പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപയും, പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയുമാണ് ധനസഹായമായി പ്രഖ്യാപിച്ചത്.

ഇന്നലെ രാത്രി 9.55ഓടെയാണ് അപകടം നടന്നത്. 13,14പ്ലാറ്റ് ഫോമുകളിലുണ്ടായ വൻ തിരക്കാണ് ദുരന്തത്തിന് കാരണം. ട്രെയിൻ പുറപ്പെടുന്നതിൽ കാലതാമസം നേരിട്ടതും, ഏകദേശം 1,500 ജനറൽ ടിക്കറ്റുകൾ വിറ്റതും തിരക്കിൻ്റെ ആഘാതം വർധിപ്പിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. അപകടത്തെ പറ്റി റെയിൽവേ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്റ്റേഷനിൽ സ്വതന്ത്ര സേനാനി,ഭുവനേശ്വർ രാജധാനി എന്നീ രണ്ട് ട്രെയിനുകളിൽ കയറാൻ നിരവധി ആളുകൾ കാത്തിരിക്കുകയായിരുന്നു. ആ സമയത്താണ് മഹാ കുംഭമേളയ്ക്കായി പ്രത്യേക ട്രെയിനായ പ്രയാഗ്‌രാജ് എക്‌സ്പ്രസ് പുറപ്പെടാനുള്ള സമയമായിരുന്നു. ഈ സമയം കൂടുതൽ ആളുകൾ പ്ലാറ്റ്‌ഫോമിൽ തടിച്ച് കൂടാൻ തുടങ്ങി. കൂടാതെ, പ്രയാഗ്‌രാജ് എക്സ്പ്രസ് മറ്റൊരു പ്ലാറ്റ്‌ഫോമിലേക്കാണ് എത്താൻ പോകുന്നതെന്നൊരു കിംവദന്തിയും ആളുകൾക്കിടയിൽ പരന്നു. ഇതുണ്ടാക്കിയ പ്രത്യാഘാതം വളരെ വലുതായിരുന്നു.

