തിരുവണ്ണാമല: ‘മോക്ഷം’ പ്രാപിക്കുമെന്ന വിശ്വാസത്താൽ തമിഴ്നാട് തിരുവണ്ണാമലയിൽ നാലുപേർ ഹോട്ടൽ മുറിയിൽ വിഷം കഴിച്ചുമരിച്ചു. ചെന്നൈ വ്യാസര്‍പാടി സ്വദേശികളായ മഹാകാല വ്യാസര്‍, സുഹൃത്തായ രുക്മിണി, രുക്മിണിയുടെ രണ്ട് മക്കള്‍ എന്നിവരെ ആണ് വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്.
തിരുവണ്ണാമല ക്ഷേത്രത്തിന് സമീപമുള്ള ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഇവരുടെ മൊബൈല്‍ ഫോണില്‍ നിന്നാണ് മരണകാരണം വെളിപ്പെടുത്തിയുള്ള വീഡിയോ ദൃശ്യങ്ങള്‍ കണ്ടെത്തിയത്. ആത്മീയ കാര്യങ്ങളില്‍ താത്പര്യമുള്ള വ്യക്തികളായിരുന്നു മഹാകാല വ്യാസറും രുക്മിണിയും. തിരുവണ്ണാമലയിലെ കാര്‍ത്തികദീപം ഉത്സവത്തിനായി എല്ലാവര്‍ഷവും ഇവര്‍ എത്താറുണ്ടെന്നുമാണ് വിവരം.
ഈ വര്‍ഷവും പതിവുപോലെ ഉത്സവത്തില്‍ പങ്കെടുത്ത് മടങ്ങിയെങ്കിലും മോക്ഷം ലഭിക്കുന്നതിനായി ദേവനും ദേവിയും തിരിച്ചുവിളിച്ചെന്ന് അവകാശപ്പെട്ടാണ് ഇവര്‍ വീണ്ടും തിരുവണ്ണാമലയില്‍ എത്തിയതെന്നാണ് വീഡിയോയില്‍ പറയുന്നത്.