ഹൈദരാബാദ് : തെലങ്കാനയിൽ പിതാവും അയൽക്കാരും തമ്മിലുണ്ടായ വഴക്കിനിടെ അടിയേറ്റ് പത്താംക്ലാസുകാരിക്ക് ദാരുണാന്ത്യം. അന്തരം ഗ്രാമത്തിലെ 15 വയസ്സുള്ള ആലിയ ബീഗമാണ് കൊല്ലപ്പെട്ടത്. ആലിയ ബീഗത്തിന്‍റെ പിതാവ് ഇസ്മായിൽ അയൽക്കാരന്‍റെ വീടിനു സമീപം മൂത്രമൊഴിച്ചത് അയൽക്കാരായ കൊനിയാല വിജയ റെഡ്ഡിയും, കൊല്ലൂരി വീര റെഡ്ഡിയും ചോദ്യം ചെയ്യുകയായിരുന്നു.

വാക്കുതർക്കം കൈയ്യേറ്റത്തിലേക്ക് വഴിമാറുകയും ആലിയ ഇതിനിടയിൽ പെടുകയുമായിരുന്നു. ആലിയ ബീഗത്തിനെ പ്രതികൾ അടിക്കുകയും വലിയ കല്ലുകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ആലിയയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അഞ്ച് ദിവസത്തിനു ശേഷം കുട്ടിയുടെ മരണം സ്ഥീരികരിക്കുകയുമായിരുന്നു.
കുറ്റവാളികൾക്ക് കഠിനശിക്ഷ ലഭിക്കണമെന്നും അയൽക്കാരായ പ്രതികൾ മദ്യപിച്ചിരുന്നുവെന്നും ആലിയയുടെ അമ്മ ഷഹീൻ ബീ പറഞ്ഞു. സംഭവത്തിൽ സ്വയം പഴിചാരുകയാണ് പിതാവ് ഇസ്മായിൽ. പത്താം ക്ലാസുകാരി ആലിയയിൽ കുടുംബത്തിനു വലിയ പ്രതീക്ഷയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

