India

ട്രെയിനിൽ തീപിടുത്തമെന്ന് അഭ്യൂഹം; ട്രാക്കിലേക്ക് ചാടി യാത്രക്കാർ, മധ്യപ്രദേശിൽ ട്രെയിനിടിച്ച് 4 മരണം

മധ്യപ്രദേശിലെ മൊറീനയിൽ ട്രെയിനിടിച്ച് 4 മരണം.3 സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. നിരവധി പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഖജുരാഹോ-ഉദയ്പൂർ ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിനിൽ തീപിടിച്ചെന്ന അഭ്യൂഹത്തെ തുടർന്ന് ട്രാക്കിലേക്ക് ചാടിയവരാണ് മരിച്ചത്.

ഫിറോസ്പൂർ-സിയോണി പാതാൽക്കോട്ട് എക്സ്പ്രസ് ഇടിച്ചാണ് മരണം. നോർത്ത് സെൻട്രൽ റെയിൽവേയിലെ ഝാൻസി ഡിവിഷനിലെ ഹേതംപൂർ റെയിൽവേ സ്റ്റേഷന് സമീപം വൈകുന്നേരം 4.15 ഓടെയാണ് സംഭവം. ഇന്റർസിറ്റി എക്സ്പ്രസിൽ യാത്ര ചെയ്തിരുന്ന യാത്രക്കാർ ട്രെയിനിനുള്ളിൽ തീപിടുത്തമുണ്ടെന്ന് നിലവിളിച്ചുവെന്നാണ് റിപ്പോർട്ട്.

എന്നാൽ ട്രെയിനിൽ തീപിടുത്തം ഉണ്ടായെന്ന് കണ്ടെത്തിയില്ല. എന്നിരുന്നാലും, ഹേതംപൂർ, ധോൽപൂർ സ്റ്റേഷനുകൾക്കിടയിൽ ഒരു ജനറൽ കോച്ചിൽ അലാറം ചെയിൻ വലിച്ചതിനാൽ ട്രെയിൻ നിർത്തുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ട്രെയിനിൽ തീപിടുത്തമുണ്ടായതിന്റെ ഒരു തെളിവും കണ്ടെത്തിയിട്ടില്ലെന്ന് ഝാൻസി റെയിൽവേ ഡിവിഷൻ ഡിവിഷണൽ റെയിൽവേ മാനേജർ (ഡിആർഎം) അനിരുദ്ധ് കുമാർ പറഞ്ഞു. റെയിൽവേ ലൈനിലേക്ക് ഇറങ്ങിയ യാത്രക്കാർക്ക് പാതൽകോട്ട് എക്സ്പ്രസ് വരുന്നത് കാണാൻ സാധിച്ചിരുന്നില്ല.

അതിന് കാരണമായത് ട്രാക്കിന്റെ വളഞ്ഞ വിന്യാസം ആണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ലോക്കോമോട്ടീവ് പൈലറ്റ് അടിയന്തര ബ്രേക്കിംഗ് നടത്താൻ ശ്രമിച്ചെങ്കിലും കൃത്യസമയത്ത് ട്രെയിൻ നിർത്താൻ കഴിഞ്ഞില്ലെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top