ഡൽഹിയിലെ ആയ നഗറിൽ ദീർഘകാലമായുള്ള കുടുംബവഴക്കിനെത്തുടർന്ന് 52 വയസ്സുള്ള ആൾ വെടിയേറ്റ് മരിച്ചു. പൊലീസ് അന്വഷണത്തിൽ രത്തൻ ലോഹ്യ എന്നായാളാണ് നിരവധി തവണ വെടിയേറ്റ് മരിച്ചത്. രത്തൻ ലോഹ്യയുടെ ശരീരത്തിൽ നിന്നും 69 വെടിയുണ്ടകൾ കണ്ടെടുത്തു. കാറിൽ എത്തിയ അക്രമികളാണ് വെടിയുതിർത്തത്. വാടക കൊലയാളികൾ ആകാനുള്ള സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു.

നവംബർ 30-ന് രാവിലെ ജോലിക്ക് പോകാൻ പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം ഉണ്ടായത്. സംഭവസ്ഥലത്ത് വച്ച് തന്നെ ലോഹ്യ മരിച്ചു. സംഭവസ്ഥലത്ത് എത്തിയ പൊലീസിന് ഒഴിഞ്ഞ ഷെല്ലുകളും ലൈവ് കാട്രിഡ്ജും കിട്ടി. അയ നഗറിലെ സൺഡേ മാർക്കറ്റിന് സമീപം കറുത്ത നിസ്സാൻ മാഗ്നൈറ്റ് കാറിൽ ലോഹ്യയെ കാത്തിരിക്കുന്ന കൊലയാളികളുടെ ദൃശ്യങ്ങൾ സിസിടിയിൽ നിന്നും ലഭിച്ചു. അന്വഷണത്തിൽ കാറിന്റെ നമ്പർ പ്ലേറ്റ് മാറ്റിയതായി കണ്ടെത്തി. രമ്പീർ ലോഹിയയുടെ മകൻ അരുണിന്റെ മരണത്തിൽ പ്രതികാരമായിട്ടാണ് രത്തൻ ലോഹ്യയെ കൊന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. അരുൺ മെയ് 15-ന് കാറിൽ യാത്രചെയ്യുമ്പോൾ മോട്ടോർസൈക്കിളിൽ എത്തിയ രണ്ട് പേർ വെടിയുതിർക്കുകയായിരുന്നു.