ബെംഗളുരു: കർണാടകയിലെ ആവലഹള്ളിയിൽ റിട്ട. ഐഎസ്ആർഒ ജീവനക്കാരൻ ഭാര്യയെ തോർത്തു ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. 65കാരനായ നാഗേശ്വരറാവുവാണ് ഭാര്യ സന്ധ്യശ്രീയെ ബുധനാഴ്ച രാവിലെ വീട്ടിനുള്ളിൽ വെച്ച് കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നാഗേശ്വര റാവു വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് ശേഷം പ്രതി സുഹൃത്തിനെ വിളിച്ച് വിവരം അറിയിക്കുകയാണ് ഉണ്ടായത്. പൊലീസ് എത്തുമ്പോൾ ഇയാൾ വീട്ടിലുണ്ടായിരുന്നു. ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു.
സന്ധ്യശ്രീയെ കൊലപ്പെടുത്തിയ ശേഷം താനും ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നാണ് ഇയാളുടെ മൊഴി. ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. അതിനാൽ ഇക്കാര്യം പരിശോധിച്ച് വരികയാണ്. അമേരിക്കയിൽ കഴിയുന്ന ഇവരുടെ മകളെ വിവരമറിയിച്ചിട്ടുണ്ട്.