പത്തനംതിട്ട: തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പെൺകുട്ടിയോട് അശ്ലീലം പറഞ്ഞ യുവാവിന്റെ തല പെൺകുട്ടിയുടെ സുഹൃത്ത് ഇരുമ്പ് ചങ്ങല കൊണ്ട് അടിച്ചു പൊട്ടിച്ചു. ഇന്നലെ 10 മണിയോടെയാണ് സംഭവം. ചങ്ങനാശേരി സ്വദേശിക്കാണ് പരിക്ക്.

പെൺകുട്ടി ഫോൺ ചെയ്തു പറഞ്ഞതിനെ തുടർന്നാണ് സുഹൃത്തായ യുവാവ് സ്ഥലത്തെത്തിയത്. പിന്നാലെ പെൺകുട്ടിയുടെ സുഹൃത്തും അശ്ലീലം പറഞ്ഞ യുവാവും തമ്മിൽ സ്റ്റാൻഡിനു പുറത്തു വച്ച് വാക്കേറ്റമുണ്ടായി.
അതിനിടെ യുവാവ് പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് ചങ്ങല ഉപയോഗിച്ചു പെൺകുട്ടിയുടെ സുഹൃത്തിനെ മർദ്ദിക്കാൻ ഒരുങ്ങി. എന്നാൽ ചങ്ങല പിടിച്ചു വാങ്ങിയ സുഹൃത്ത് യുവാവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.
അടികൊണ്ട്, അശ്ലീലം പറഞ്ഞ യുവാവിന്റെ ഇടതു നെറ്റിയ്ക്കു മുറിവേറ്റു. തിരുവല്ല സ്റ്റേഷനിൽ നിന്നു പൊലീസ് എത്തി ഇരുവരെയും കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നു പൊലീസ് വ്യക്തമാക്കി.