പത്തനംതിട്ട: കോന്നിയിലെ വനംവകുപ്പ് ഓഫീസിലെത്തി പ്രകോപനപരമായി സംസാരിച്ചതില്‍ വിശദീകരണവുമായി കെ യു ജനീഷ് കുമാര്‍ എംഎല്‍എ. തല പോയാലും താനുയര്‍ത്തിയ വിഷയങ്ങള്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് നയിക്കുമെന്നാണ് കെ യു ജനീഷ് കുമാര്‍ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചത്.

കാട്ടാനയുടെ മരണത്തിന്റെ മറവില്‍ നാട്ടിലാകെ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് സമീപ ദിവസങ്ങളില്‍ ചില ഉദ്യോഗസ്ഥര്‍ ശ്രമിച്ചതെന്നും ഇങ്ങനെ ജനങ്ങളെ ദ്രോഹിക്കുന്ന ചില ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സമീപനത്തില്‍ പല തീവ്ര സംഘടനകളും ജനങ്ങള്‍ക്കിടയില്‍ ദുഷ്പ്രചരണം നടത്തി മുതലെടുക്കാന്‍ ശ്രമിക്കുന്ന ഘട്ടത്തിലാണ് അങ്ങനെയുള്ള പരാമര്‍ശങ്ങള്‍ നടത്തേണ്ടിവന്നതെന്നും കെ യു ജനീഷ് കുമാര്‍ വിശദീകരിച്ചു.

കോന്നിയിലെ പാടം ഫോറസ്റ്റ് ഓഫീസിലെത്തി ഉദ്യോഗസ്ഥരോട് കയര്‍ത്ത് സംസാരിക്കുന്ന എം എല്‍ എയുടെ ദൃശ്യങ്ങള്‍ ഇതിനകം വിവാദമായിട്ടുണ്ട്. അവയോട് പ്രതികരിച്ചുകൊണ്ടാണ് ഇപ്പോള്‍ കെ യു ജനീഷ് കുമാര്‍ രംഗത്തെത്തിയിരിക്കുന്നത്.

