കോഴിക്കോട്: കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്ഐ നേതാവ് ജിതിന് ഭാസ്കറിന്റ അറസ്റ്റില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ എംപി.

വടകരയിലെ രാഷ്ട്രീയ പ്രബുദ്ധതയെ അഭിനന്ദിക്കുന്നുവെന്ന് എംപി പറഞ്ഞു. പരാതി നല്കിയ പാറക്കല്‍ അബ്ദുള്ള എംഎല്‍എയുടെ നിശ്ചയദാര്‍ഢ്യത്തെ അഭിനന്ദിക്കുന്നുവെന്നും ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘എന്ത് ആക്രമണം നടത്തിയാലും പാര്‍ട്ടിക്ക് പങ്കില്ല എന്ന് പറഞ്ഞു. അവരുണ്ടാക്കിയ വ്യാജ നിര്മതി മറ്റുള്ളവര്‍ക്കെതിരെ ഉപയോഗിച്ചു. എന്നെ വ്യക്തിപരമായി അധിക്ഷേപിച്ചു. ഇത്തരക്കാര്‍ക്ക് നിയമപരമായ തിരിച്ചടി ലഭിച്ചു. റിബേഷില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. വടകരയുടെ മണ്ണില്‍ വിഷം കലര്‍ത്താന്‍ ശ്രമിച്ചു’, ഷാഫി പറമ്പില്‍ പറഞ്ഞു.

ഏതെങ്കിലും ഒരു വ്യക്തിയുടെ തലയില്‍ ഉദിച്ച ബുദ്ധിയല്ല ഇതെന്നും ഷാഫി ആരോപിച്ചു. പാര്‍ട്ടി നേതൃത്വത്തിന് വ്യക്തമായ പങ്കുണ്ട്. നാടിന്റെ ഐക്യത്തെ തകര്‍ക്കാനുള്ള ഗൂഢ ശ്രമം നടന്നു. സിപിഐഎം കമ്മ്യൂണല്‍ പോയിസണ്‍ ആവാന്‍ പാടില്ലായിരുന്നു.
മാഷാ അള്ളാ പോസ്റ്റര്‍ എന്തിന് ഉപയോഗിച്ചെന്നും ഫസലിനെ കൊന്നതിന് ശേഷം തൂവാല എന്തിന് ക്ഷേത്രത്തില്‍ കൊണ്ടിട്ടെന്നും ഷാഫി ചോദിച്ചു. കമ്യൂണല്‍ പോയിസണ്‍ ബോംബാണ് കാഫിര്‍ സ്ക്രീന്‍ഷോട്ടെന്നും അത് ഡിഫ്യൂസ് ചെയ്തെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.