തിരുവനന്തപുരം: സിപിഐ എൽഡിഎഫ് വിടണമെന്ന് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ ആവശ്യം. പാള കീറും പോലെ തങ്ങളെ കീറി എറിഞ്ഞവരാണ് സിപിഐഎമ്മുകാരെന്നും മുന്നണി ബന്ധം ഇനിയെങ്കിലും പുനരാലോചിക്കണമെന്നും പ്രതിനിധികൾ വ്യക്തമാക്കി.

നാറിയവനെ ചുമന്നാൽ ചുമന്നവനും നാറും. അരുവിക്കര മണ്ഡലത്തിൽ നിന്നുള്ള പ്രതിനിധിയാണ് മുന്നണി വിടൽ ചർച്ച തുടങ്ങിവെച്ചത്. ‘പിണറായി സർക്കാർ’ പ്രയോഗത്തിനെതിരെയും ജില്ലാ സമ്മേളനത്തിൽ വിമർശനമുയർന്നു. പിണറായി സർക്കാർ പ്രയോഗം വേണ്ട, എൽഡിഎഫ് സർക്കാർ മതി
രണ്ടാം പിണറായി സർക്കാരെന്നല്ല പറയേണ്ടത് രണ്ടാം എൽഡിഎഫ് സർക്കാരെന്നാണ്. എം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയത് പാർട്ടിയുടെ നിലപാടിന്റെ വിജയമാണ്. തീരുമാനം മറിച്ചായിരുന്നുവെങ്കിൽ നിയമസഭയിൽ വിഷയം ഉയർത്താൻ സിപിഐ നേതൃത്വം തീരുമാനിച്ചിരുന്നുവെന്ന് മറുപടി പ്രസംഗത്തിൽ മന്ത്രി കെ രാജൻ പറഞ്ഞു.

ഇനിയും വേണ്ടിവന്നാൽ ഇതേനിലപാട് ആവർത്തിക്കും. സിപിഐ മന്ത്രിമാരും എംഎൽഎമാരും പാർട്ടി തീരുമാനം അനുസരിച്ച് മാത്രമേ മുന്നോട്ടു പോകൂവെന്നും മറുപടിയിൽ അദ്ദേഹം വ്യക്തമക്കി. തൃശ്ശൂരിലെ തോൽവിക്ക് പൂരം കലക്കൽ കാരണമായെന്നും സമ്മേളനം വിലയിരുത്തി. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ രൂക്ഷ വിമർശനവും പരിഹാസവുമാണ് സമ്മേളനത്തിൽ ഉയർന്നത്.