സിപിഐ കൊല്ലം ജില്ലയിലെ കൂട്ടരാജിക്ക് പിന്നാലെ തിരുവനന്തപുരത്തും പാര്‍ട്ടി നേതൃത്വത്തിന് വന്‍ ആഘാതം. മീനാങ്കല്‍ കുമാറിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ നിന്ന് നൂറോളം പേര്‍ സിപിഐ വിട്ടു. ആര്യനാട്, മീനാങ്കല്‍ ബ്രാഞ്ചുകളില്‍ നിന്നാണ് രാജി.

പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗവും എഐടിയുസിയുടെ ജില്ലാ സെക്രട്ടറിയുമായ മീനാങ്കല്‍ കുമാറിനെതിരെ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് പാര്‍ട്ടി നടപടിയെടുത്തിരുന്നു.
ഇതില്‍ പ്രതിഷേധിച്ചാണ് ഇദ്ദേഹത്തിന്റെ പ്രദേശത്തുനിന്ന് മാത്രം നാല്‍പതോളം അംഗങ്ങള്‍ രാജിവച്ചത്. മീനാങ്കല്‍ എ ബ്രാഞ്ച്, ബി ബ്രാഞ്ച് എന്നിവയില്‍ അംഗങ്ങളായ 40 പേരാണ് രാജി നല്‍കിയത്.

ഇതുകൂടാതെ പ്രദേശത്തെ എഐടിയുസി ചുമട്ടുതൊഴിലാളി യൂണിയനില്‍പ്പെട്ട 30 പേരോളം രാജി നല്‍കി. ഇതോടൊപ്പം എഐഎസ്എഫ്, എഐവൈഎഫ്, മഹിളാ ഫെഡറേഷന്‍ തുടങ്ങിയ സംഘടനകളില്‍ നിന്നും രാജികള്‍ വന്നുകൊണ്ടിരിക്കുകയാണ്.