സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരെ അധിക്ഷേപിക്കുന്ന സിപിഎം നേതാക്കള്‍ക്കെതിരെ സിപിഐ ഇടുക്കി ജില്ലാ മുന്‍ സെക്രട്ടറി കെകെ ശിവരാമന്‍. കണ്ണില്‍ ചോരയില്ലാത്ത, മനുഷ്യസ്‌നേഹത്തിന്റെ ഒരു കണിക പോലും ഇല്ലാത്ത ഈ നിലപാട് ഇടതുപക്ഷത്തിന് ഭൂഷണമല്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ആശാ വര്‍ക്കര്‍മാരുടെ സമരം ന്യായമാണെന്ന് പാര്‍ട്ടി സെക്രട്ടറി ബിനോയ് വിശ്വം നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് ശിവരാമന്റെ കടുത്ത വിമര്‍ശനമുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇടതുപക്ഷം ചമഞ്ഞ് സിപിഎം നടത്തുന്ന മനുഷ്യത്വ വിരുദ്ധ സമീപനങ്ങള്‍ക്ക് എതിരെ അതിരൂക്ഷമായാണ് അദ്ദേഹം പ്രതികരിച്ചത്.

സമരക്കാര്‍ അരാജകവാദികളാണെന്നും പാട്ട പിരിവുകാരെന്നുമൊക്കെ സിപിഎം നേതാക്കള്‍ അധിക്ഷേപിക്കുന്നതിന് ഇടയിലാണ് മുന്നണിയിലെ രണ്ടാമത്തെ കക്ഷി നേതാക്കളുടെ തുറന്ന് പറച്ചില്‍. സര്‍ക്കാര്‍ കണ്ണു തുറക്കാത്ത ദൈവമായി മാറിയപ്പോഴാണ് അവര്‍ സമരത്തിനിറങ്ങിയതെന്ന് പറഞ്ഞാണ് ശിവരാമന്‍ ശക്തമായി സമരത്തെ പിന്തുണക്കുന്നത്.
പ്രതിമാസം 7000 രൂപയ്ക്ക് അതിരാവിലെ മുതല്‍ ഇരുളുവോളം ജോലി ചെയ്യുന്നവരാണ് ആശാവര്‍ക്കര്‍മാര്‍. അവരുടെ നേരെ കണ്ണുതുറക്കാത്ത സര്‍ക്കാര്‍, പ്രതിമാസം ലക്ഷങ്ങള്‍ ശമ്പളവും, സര്‍വ്വ ആനുകൂല്യങ്ങളും വാങ്ങി രാജകീയമായി ജീവിക്കുന്ന പി.എസ്.സി ചെയര്‍മാനും മെമ്പര്‍മാര്‍ക്കും വീണ്ടും ലക്ഷങ്ങള്‍ വാരിക്കോരി കൊടുക്കുന്നു. ഇത് ഇടതുപക്ഷ നയമാണോ?
നല്ല ശമ്പളമുള്ള ഹൈക്കോടതി പ്ലീഡര്‍മാരുടെ ശമ്പളവും ആനുകൂല്യങ്ങളും നല്ലതുപോലെ വര്‍ദ്ധിപ്പിച്ചു. പക്ഷേ ആശാവര്‍ക്കര്‍മാര്‍ക്ക് പുലയാട്ട്. കണ്ണില്‍ ചോരയില്ലാത്ത, മനുഷ്യസ്‌നേഹത്തിന്റെ ഒരു കണിക പോലും ഇല്ലാത്ത ഈ നിലപാട് ഇടതുപക്ഷത്തിന് ഭൂഷണമല്ലെന്നും ശിവരാമന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. രണ്ടാഴ്ചയിലധികമായി തുടരുന്ന ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് ഇടതുമുന്നണിയില്‍ നിന്ന് ഇത്ര ശക്തമായ പ്രതികരണം ഇതാദ്യമായാണ്.

