ധീരജിന്റെ വിലാപ യാത്ര കടന്നു പോയ വഴികളിലെ കോൺഗ്രസ് ഓഫീസുകൾ അടിച്ചു തകർത്തു:വടക്കൻ മലബാറിൽ ജാഗ്രത - Kottayam Media

Crime

ധീരജിന്റെ വിലാപ യാത്ര കടന്നു പോയ വഴികളിലെ കോൺഗ്രസ് ഓഫീസുകൾ അടിച്ചു തകർത്തു:വടക്കൻ മലബാറിൽ ജാഗ്രത

Posted on

കോഴിക്കോട്: കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ വ്യാപക ആക്രമണം. കൊയിലാണ്ടിയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് ഓഫീസിന്റെ ജനല്‍ ചില്ലുകളും ഫര്‍ണീച്ചറുകളും കൊടിമരവും തകര്‍ത്തു. കോഴിക്കോട് മുക്കാളിയില്‍ കോണ്‍ഗ്രസിന്റെ പഞ്ചായത്ത് കമ്മിറ്റി ഓഫീസിന് നേര്‍ക്കും ആക്രമണം ഉണ്ടായി. ബോര്‍ഡുകളും കൊടിമരവും നശിപ്പിച്ചു. എടച്ചേരിയിലും പയ്യോളിയിലും സമാനമായ രീതിയില്‍ ആക്രമണങ്ങള്‍ അരങ്ങേറി.

ഇടുക്കിയില്‍ കുത്തേറ്റുമരിച്ച എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കടന്നുപോയതിന് പിന്നാലെയായിരുന്നു ആക്രമണം അരങ്ങേറിയത്. അക്രമങ്ങള്‍ക്ക് പിന്നില്‍ ഡിവൈഎഫ്ഐ-സിപിഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കൊയിലാണ്ടിയില്‍ രാത്രി തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനമായി എത്തി നശിപ്പിക്കപ്പെട്ട കൊടിമരം പുനഃസ്ഥാപിച്ചു.

 

കണ്ണൂരിലെ കതിരൂര്‍, എടക്കാട്, ചക്കരക്കല്ല് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് നിര്‍മ്മിച്ച വെയിറ്റിങ് ഷെഡ്ഡുകള്‍ അടിച്ചു തകര്‍ത്തു. പ്രാദേശിക ക്ലബ്ബുകള്‍ക്ക് നേരെയും ആക്രമണം നടന്നു. ചക്കരക്കല്ലില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേര്‍ക്ക് ബോബേറുണ്ടായി. ചക്കരക്കല്ല് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി രമേശിന്റെ വീടിന് നേര്‍ക്കാണ് ബോബാക്രമണം ഉണ്ടായത്. വീടിന്റെ വാതില്‍, ജനല്‍ ചില്ലുകള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവ ബോംബേറില്‍ നശിച്ചു.

പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ചിങ്ങപുരത്തും കോണ്‍ഗ്രസ് ഓഫീസിന് നേര്‍ക്ക് ആക്രണം ഉണ്ടായി. ഓഫീസിലെ ഫര്‍ണീച്ചറുകള്‍ അടിച്ചുതകര്‍ത്തു. ധീരജിന്റെ മരണവുമായി ബന്ധപ്പെട്ട് അക്രമങ്ങള്‍ അരങ്ങേറിയേക്കാമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വടക്കന്‍ കേരളത്തില്‍ പോലീസ് അതീവ ജാഗ്രതയാണ് പുലര്‍ത്തി വരുന്നത്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version