മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരനെതിരെ മന്ത്രി വി ശിവൻകുട്ടി. വി കെ പ്രശാന്തിന്റെ ഓഫീസ് വിവാദത്തിൽ കോൺഗ്രസും ബിജെപിയും ഒരുമിച്ച് നിൽക്കുന്നു. കെ മുരളീധരന്റെ കുടുംബമാണ് ബിജെപിക്ക് ചവിട്ടുപടിയായി നിൽക്കുന്നത്. പിണറായി വിജയന്റെ കുടുംബത്തിൽ നിന്ന് ആരും ബിജെപിയിലേക്ക് പോയിട്ടില്ല. ബിജെപിയും കോൺഗ്രസും തമ്മിലുള്ള പാലം പണിയുന്നത് മുരളീധരന്റെ കുടുംബമാണെന്നും അത് അദ്ദേഹം മനസിലാക്കണമെന്നും വി ശിവൻകുട്ടി പ്രതികരിച്ചു.

തിരുവനന്തപുരം നഗരസഭയിലെ വിജയത്തിൽ ജനവിധി മാനിക്കുന്നു.ബിജെപിയുടെ ഭരണം തടസപ്പെടുത്താൻ ശ്രമിക്കില്ല. സമാധാനപരമായി കൗൺസിൽ യോഗം പൂർത്തിയാക്കുമെന്നും അതിനൊരു തടസവും നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം നഗരസഭയിലെ കെട്ടിടങ്ങൾ ദുരുപയോഗം ചെയ്യുന്നുണ്ടെങ്കിൽ അത് പരിശോധിക്കണം. പുതിയ ഭരണസമിതിക്ക് അതിനവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.