ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി. 57 വയസായിരുന്നു. ആദായ വകുപ്പ് റെയ്ഡിനിടെയാണ് സംഭവം. ബെംഗളൂരുവിലെ അശോക് നഗറിലുള്ള കോര്‍പ്പറേറ്റ് ഓഫീസില്‍വെച്ച് അദ്ദേഹം സ്വയം വെടിയുതിര്‍ത്തുകയായിരുന്നു. അശോക് നഗര്‍ പൊലീസ് സംഭവ സ്ഥലത്തേയ്ക്ക് എത്തിയിട്ടുണ്ട്.

ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് നേരത്തേ എത്തിയിരുന്നു. രണ്ട് മണിയോടെയാണ് റോയ് ഓഫീസില്‍ എത്തിയത്. ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ ചില രേഖകള്‍ ആവശ്യപ്പെട്ടിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും റോയ് രേഖകള്‍ ഹാജരാക്കിയില്ല. തുടര്‍ന്നാണ് റോയ് സ്വയം നിറയൊഴിച്ചത്. ഉദ്യോഗസ്ഥര്‍ തന്നെയാണ് റോയ്യെ ബെംഗളൂരുവിലെ നാരായണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. സ്വന്തം ഉടമസ്ഥതയിലുള്ള തോക്ക് ഉപയോഗിച്ചാണ് റോയ് നിറയൊഴിച്ചതെന്നാണ് വിവരം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ബെംഗളൂരുവില്‍ അടക്കം കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.