നിലമ്പൂർ: അടിച്ച് ഫിറ്റായി സർവീസിനിടയിൽ ടൂറിസ്റ്റ് ബസ്സിൽ ഡ്രൈവർ ബോധം കെട്ടു വീണു. ഡ്രൈവർ ഉണരാതായതോടെ യാത്രക്കാർ വലഞ്ഞു. വഴിക്കടവ് – ബെംഗളൂരു രാത്രികാല ടൂറിസ്റ്റ് ബസിലെ ഡ്രൈവറാണ് മദ്യപിച്ച് ബോധം കെട്ടത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്.

അഞ്ച് മണിക്കൂറോളമാണ് യാത്രക്കാർ തിരുനെല്ലിയിൽ കുടുങ്ങിയത്. യാത്രക്കാർ എല്ലാവരും ബസിൽ നിന്ന് ഇറങ്ങി റോഡിൽ നിൽക്കുകയായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകി.
പിന്നാലെ തിരുനെല്ലി പൊലീസ് എത്തി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. താത്കാലിക ഡ്രൈവറാണ് ബസ് ഓടിച്ചിരുന്നത് എന്നായിരുന്നു ട്രാവൽ ഏജൻസിയുടെ വിശദീകരണം.

യാത്രക്കാർ തങ്ങളുടെ ടിക്കറ്റ് തുക മടക്കി നൽകണം എന്ന് പറഞ്ഞ് ബഹളം ഉണ്ടാക്കുകയും ചെയ്തു. അതേസമയം പൊലീസ് വിളിച്ചപ്പോഴാണ് വിവരം അറിഞ്ഞതെന്ന് ട്രാവൽ ഏജൻസി വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് 31 നായിരുന്നു സംഭവം.