തിരുവനന്തപുരം: പിഎം ശ്രീയില്‍ നിലപാട് കടുപ്പിച്ച് സിപിഐ. സര്‍ക്കാരിന്റെ തീരുമാനത്തില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി.

എല്‍ഡിഎഫിന്റെ ചരിത്രവും അതില്‍ സിപിഐയുടെ പ്രാധാന്യവും എടുത്തുപറഞ്ഞാണ് ബിനോയ് വിശ്വം വാര്‍ത്താ സമ്മേളനം തുടങ്ങിയത്. പിഎം ശ്രീയെക്കുറിച്ച് സിപിഐ ഇരുട്ടിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിഎം ശ്രീയെക്കുറിച്ച് ഇന്നലെ വൈകുന്നേരം മുതല്‍ നാമെല്ലാവരും അറിയുന്നുണ്ട്. പത്രവാര്‍ത്തകളല്ലാതെ പിഎം ശ്രീയെക്കുറിച്ചുള്ള എംഒയു എന്താണെന്നോ, ഇതില്‍ ഒപ്പിടുമ്പോള്‍ കേരളത്തിന് കിട്ടിയ വാഗ്ദാനമെന്താണെന്നോ ഉള്ള കാര്യങ്ങളില്‍ സിപിഐ ഇരുട്ടിലാണ്.

സിപിഐക്ക് മാത്രമല്ല, എല്‍ഡിഎഫിലെ ഓരോ പാര്‍ട്ടിക്കും അത് അറിയാനുള്ള അവകാശമുണ്ട്’, ബിനോയ് വിശ്വം പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാര്‍ അങ്ങേയറ്റത്തെ ദേശീയ പ്രാധാന്യമുള്ള ഒരു ഉടമ്പടിയില്‍ പങ്കാളികളാകുമ്പോള്‍ അതില്‍ എന്താണെന്ന് അറിയാനുള്ള അവകാശമുണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു. അത് അറിയാനും അറിയിക്കാനുമുള്ള വേദിയാണ് എല്‍ഡിഎഫും അതിന്റെ സമിതികളുമെന്നും അവിടെയൊന്നും ഇതേപ്പറ്റി ചര്‍ച്ചയുണ്ടായില്ലെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
ഘടക പാര്‍ട്ടികളെയെല്ലാം അറിയിക്കേണ്ട കാര്യങ്ങള്‍ അറിയിക്കാതെ ഇരുട്ടിലാക്കിയല്ല, എല്‍ഡിഎഫ് മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം വിമര്‍ശിച്ചു.