ബിഹാർ മുൻ എംഎൽഎയും വരുന്ന തെരഞ്ഞെടുപ്പിലെ മൊകാമ മണ്ഡലത്തിൽ നിന്നുള്ള ജെഡിയുവിന്റെ സ്ഥാനാർഥിയുമായ അനന്ത് സിങ് കൊലപാതകക്കുറ്റത്തിന് അറസ്റ്റ് ചെയ്തു.

ജൻ സുരാജ് പാർട്ടി അനുയായി ദുലാർ ചന്ദ് യാദവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ശനിയാഴ്ച രാത്രിയിലാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. ദുലാർ ചന്ദ് യാദവിന്റെ കൊലപാതകം മുതൽ അനന്ത് സിങ് നിരീക്ഷണത്തിലായിരുന്നു എന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.
പട്നയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയുള്ള ബാർഹിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. അനന്ത് സിങിന് ഒപ്പമുണ്ടായിരുന്ന മണികാന്ത് താക്കൂർ, രഞ്ജിത് റാം എന്നിവരെയും പൊലീസ് പിടികൂടി. മൂന്ന് പേരയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. പട്നയിലെ മൊകാമ മേഖലയിൽ ജൻ സൂരജ് പാർട്ടിയുടെ സ്ഥാനാർഥിയ്ക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് യാദവ് കൊല്ലപ്പെടുന്നത്.

മൂർച്ചയുള്ള വസ്തു കൊണ്ട് ഹൃദയത്തിനും ശ്വാസകോശത്തിനും ഏറ്റ ആഘാതമാണ് മരണത്തിന് കാരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഗുണ്ടാ നേതാവായിരുന്ന യാദവ്, ജൻ സുരാജ് പാർട്ടി സ്ഥാനാർത്ഥി പ്രിയദർശി പിയൂഷിനെയാണ് പിന്തുണച്ചിരുന്നത്. കുറ്റകൃത്യം നടന്ന സമത്ത് അനന്ത് സിങിന്റേയും മറ്റ് രണ്ടുപേരുടേയും സാന്നിധ്യം അന്വേഷണത്തിൽ വ്യക്തമായതായി എസ്എസ്പി അറിയിച്ചു.