പട്‌ന: ബിഹാറിലെ പ്രമുഖ വ്യവസായിയും ബിജെപി നേതാവുമായ ഗോപാല്‍ ഖേംക വെടിയേറ്റ് കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രി 11-ന് പട്‌നയിലെ വീടിനു പുറത്തുവെച്ച് തലയ്ക്ക് ആണ് വെടിയേറ്റത്.

ബൈക്കിൽ എത്തിയ അക്രമി, ഗോപാല്‍ വരുന്നതുവരെ കാത്തിരിക്കുക ആയിരുന്നെന്നാണ് റിപ്പോര്‍ട്ട്. വെടിവെച്ച ശേഷം അക്രമി ഓടി രക്ഷപ്പെട്ടു. സംഭവസ്ഥലത്തുവെച്ചുതന്നെ ഗോപാൽ മരിച്ചതായി പോലീസ് വ്യക്തമാക്കുന്നു. സംഭവസ്ഥലത്ത് നിന്ന് പോലീസ് ഒരു വെടിയുണ്ടയും ഷെല്ലും കണ്ടെടുത്തു. ഗാന്ധി മൈതാന്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിൽ ആണ് സംഭവം. കേസന്വേഷണം പുരോഗമിക്കുക ആണ്.

കൊലപാതകം നടത്തിയ ആളെയോ എന്താണ് കാരണമെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. ഗോപാലിന്റെ മകനും ബിജെപി നേതാവുമായിരുന്ന ഗുഞ്ചന്‍ ഖേംകയും ഏഴുവര്‍ഷംമുന്‍പ് ഇതേ രീതിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. 2018 ഡിസംബറിലായിരുന്നു അത്. ഹാജിപുരിലെ അദ്ദേഹത്തിന്റെ കോട്ടണ്‍ ഫാക്ടറിയുടെ ഗേറ്റിന് പുറത്ത് നടന്ന ആക്രമണത്തിലാണ് ഗുഞ്ചന്‍ കൊല്ലപ്പെട്ടത്.
ബിജെപിയുടെ നേതൃനിരയില്‍ സജീവമായുണ്ടായിരുന്നിട്ടും ഗുഞ്ചന്റെ മരണാനന്തരച്ചടങ്ങുകളില്‍ ബിജെപി നേതാക്കള്‍ പങ്കെടുത്തില്ല. അതേസമയം പല കോണ്‍ഗ്രസ് നേതാക്കളും പങ്കെടുക്കുകയും ചെയ്തിരുന്നു.

