പാലക്കാട്: രണ്ടുമാസം പ്രായമുളള കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞതായി പരാതി. അസം സ്വദേശിയായ അമ്മയാണ് കുഞ്ഞിനെ ലോട്ടറി വില്‍പ്പനക്കാരിക്ക് നല്‍കിയ ശേഷം കടന്നുകളഞ്ഞത്.
ജോലി കഴിഞ്ഞെത്തിയ കുട്ടിയുടെ അച്ഛന്‍ വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് സമീപത്ത് ലോട്ടറി വില്‍ക്കുകയായിരുന്ന സ്ത്രീയുടെ കൈയില്‍ കുട്ടിയെ എല്‍പ്പിച്ച് യുവതി കടന്നുകളഞ്ഞത്. അസം സ്വദേശികളായ ഇരുവരും പാലക്കാട്ട് വാടകയ്ക്ക് താമസിക്കുകയാണ്.
രണ്ടുമാസം മുന്‍പാണ് ദമ്പതികള്‍ക്ക് കുഞ്ഞുപിറന്നത്. ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയുടെ അമ്മ വരാതായതിനെ തുടര്‍ന്ന് ലോട്ടറി വില്‍പ്പനക്കാരി വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുഞ്ഞിന്റെ സംരക്ഷണം പൊലീസ് ഏറ്റെടുത്തു. ശേഷം ശിശുസംരക്ഷണ സമിതിയുടെ നിര്‍ദേശപ്രകാരം മലമ്പുഴ ആനന്ദ് ഭവനിലേക്ക് കുട്ടിയെ മാറ്റി.
ഒരു മാസം മുന്‍പ് കുഞ്ഞിനെ വില്‍ക്കാന്‍ അമ്മ ശ്രമം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഒളിവില്‍ പോയ അമ്മയ്ക്കായി പൊലീസ് അന്വേഷണം ഊര്‍ജതമാക്കിയിട്ടുണ്ട്