പുലിക്കുഞ്ഞുങ്ങളെ വച്ച് തള്ള പുലിയെ പിടികൂടാനുള്ള ശ്രമം വിഫലമായി - Kottayam Media

Crime

പുലിക്കുഞ്ഞുങ്ങളെ വച്ച് തള്ള പുലിയെ പിടികൂടാനുള്ള ശ്രമം വിഫലമായി

Posted on

പാലക്കാട്: പുലിക്കുഞ്ഞുങ്ങളെ വച്ച് അമ്മ പുലിയെ പിടികൂടാനുള്ള ശ്രമം വിഫലമായി. കൂടിന് സമീപമെത്തിയ അമ്മ പുലി കുഞ്ഞുങ്ങളില്‍ ഒന്നിനെയും കൊണ്ട് കടന്നുകളഞ്ഞു. കൂട്ടില്‍ കയറാതെ കൈകൊണ്ടാണ് അമ്മപുലി കുഞ്ഞിനെ നീക്കിയെടുത്തത്. തുടര്‍ന്ന് സ്ഥലത്ത് നിന്നും മടങ്ങുകയായിരുന്നു. അവശേഷിച്ച ഒരു കുഞ്ഞിനെ വനംവകുപ്പ് അധികൃതര്‍ തിരികെ കൊണ്ടുപോയി.

ഞായാറാഴ്ച ഉച്ചയോടെയാണ് ഉമ്മിനിയില്‍ ജനവാസകേന്ദ്രത്തില്‍ പ്രദേശവാസിയായ മാധവന്റെ ഉടമസ്ഥതയിലുള്ള ആള്‍താമസമില്ലാത്ത കെട്ടിടത്തില്‍ പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. എന്നാല്‍ അമ്മ പുലിയെ കണ്ടെത്താനായിരുന്നില്ല. കുഞ്ഞുങ്ങളെ കൊണ്ടുപോകാന്‍ അമ്മ പുലി വരുമെന്ന പ്രതീക്ഷയില്‍ വീട്ടുപരിസരത്ത് കൂട് സ്ഥാപിച്ചിരുന്നു.

 

അമ്മ പുലിയെ ആകര്‍ഷിക്കാന്‍ കുട്ടികളെ സൂക്ഷിച്ച കാര്‍ഡ്‌ബോര്‍ഡ് കൂടും മൂത്രം നനഞ്ഞ തുണിയും ഇട്ടിരുന്നു. മണം പിടിച്ചെത്തുന്ന പുലി കൂട്ടില്‍ അകപ്പെടുമെന്ന് പ്രതീക്ഷിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടു. നേരത്തെ, വീട്ടില്‍ സ്ഥാപിച്ച പുലിക്കൂടിനു സമീപം മൂന്നു തവണ അമ്മ പുലി വന്നതിന്റെ ദൃശ്യങ്ങള്‍ വനംവകുപ്പിന്റെ കാമറയില്‍ പതിഞ്ഞിരുന്നു. ഞായറാഴ്ച രാത്രി 11.04നും 12.05നും പുലര്‍ച്ചെ രണ്ടിനും പുലി എത്തിയെന്നാണു വനം വകുപ്പ് പറയുന്നത്.

ക്യാമറ ട്രാപ്പ് പരിശോധനയിലാണ് പുലിയുടെ ചിത്രം ലഭിച്ചത്. ഇന്നലെ സ്ഥാപിച്ച കൂടിനേക്കാള്‍ വലിപ്പമുള്ള വലിയ കൂട് വനം വകുപ്പ് സ്ഥാപിച്ചു. ജനവാസ കേന്ദ്രമായതിനാല്‍ പുലിപ്പേടിയിലാണ് നാട്ടുകാരും. പത്തു ദിവസം പ്രായമുള്ള പെണ്‍പുലിക്കുഞ്ഞുങ്ങളെയാണ് ഇന്നലെ വീടിനുള്ളില്‍ നിന്നു ലഭിച്ചത്. ഉച്ചക്ക് 12 മണിയോടെയാണ് പപ്പാടിയിലെ മാധവന്‍ എന്നയാളുടെ അടച്ചിട്ട വീട്ടില്‍ തള്ളപ്പുലിയെയും കുഞ്ഞുങ്ങളെയും കണ്ടെത്തിയത്.

 

നായ വല്ലാതെ കുരക്കുന്നത് കണ്ട് പൊന്നന്‍ എന്ന അയല്‍വാസിയാണ് മതില്‍ ചാടി കടന്ന് തകര്‍ന്ന വീടിന്റെ ജനല്‍ പാളി തുറന്ന് അകത്തേക്ക് നോക്കിയത്. ആള്‍ പെരുമാറ്റം കേട്ട പുലി പിന്‍ഭാഗത്തുകൂടി ഓടി മറഞ്ഞു. വൈദ്യ സഹായം ഉറപ്പാക്കിയെങ്കിലും പുലിക്കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതാണ് പ്രതിസന്ധി. ആട്ടിന്‍ പാല്‍ കുപ്പിയിലാക്കിയാണ് കുഞ്ഞുങ്ങള്‍ക്ക് ഇപ്പോള്‍ നല്‍കുന്നത്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version