പറവൂർ: കൊല്ലം പറവൂരിൽ മകന്റെ ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ വയോധികൻ അറസ്റ്റിൽ. കിഴക്കേപ്രം വെയർ ഹൗസിന് സമീപം പൊന്നേടത്ത് വീട്ടിൽ രാജനാണ് (74) പിടിയിലായത്. ഇന്നലെ രാവിലെയാണ് സംഭവം. ഏറെനാളായിട്ട് ഉള്ള കുടുംബ പ്രശ്നത്തെ തുടർന്നായിരുന്നു ആക്രമണം. മകൻ ജിയേഷിന്റെ ഭാര്യ അനൂപക്കാണ്(34) വെട്ടേറ്റത്. പ്രതി യുവതിയുടെ കഴുത്തിനാണ് വെട്ടിയത്.

മുറിയിൽ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന അനൂപയെ ഇയാൾ മർദിക്കുകയും വാക്കത്തികൊണ്ട് കഴുത്തിന് മുറിവേൽപിക്കുകയുമായിരുന്നു. മുറിവ് ഗുരുതരമല്ല എന്നാണ് വിവരം. ചെവിയുടെ ഭാഗത്തും മുഖത്തും മർദനമേറ്റിട്ടുണ്ട്. പരിക്കേറ്റ അനൂപയെ ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.
ഇതിനുമുൻപും സമാനമായ ആക്രമണം ഉണ്ടായിട്ടുണ്ട്. സംഭവ സമയത്ത് ജിയേഷ് വീട്ടിലുണ്ടായിരുന്നു. കുടുംബപ്രശ്നങ്ങളാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവതി സുഖം പ്രാപിച്ച് വരികയാണ്. രാജനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.