ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികോദ്യോഗസ്ഥന് വീരമൃത്യു. ക്യാപ്റ്റൻ റാങ്കിലുള്ള സൈനികനാണ് വീരമൃത്യു വരിച്ചത്. നാല് ഭീകരവാദികളെ സൈന്യം വധിച്ചതായാണ് വിവരം. ഇവരുടെ മൃതദേഹം കണ്ടെടുക്കാനായിട്ടില്ല. ഏറ്റുമുട്ടൽ നടന്നയിടത്തുനിന്ന് രക്തത്തിൽ കുതിർന്ന ബാഗുകളും എം4 കാർബെെൻ തോക്കുകളും കണ്ടെടുത്തു.
കശ്മീരിലെ ദോഡയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. വനപ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് ഇവിടെ സൈന്യം തിരച്ചിലാരംഭിച്ചത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.
ജമ്മുകശ്മീരിൽ ദിവസങ്ങളായി ഏറ്റുമുട്ടൽ നടക്കുന്നുണ്ട്. ഓഗസ്റ്റ് 10ന് അനന്തനാഗിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. സൈന്യവും പൊലീസും സിആർപിഎഫും സംയുക്തമായാണ് അന്ന് തിരച്ചിൽ നടത്തിയത്. സ്ഥിതിഗതികൾ വിലയിരുത്താൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് രാവിലെ ഉന്നതതല യോഗം വിളിച്ചിരുന്നു.