കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അര്‍ജുന് നാടിന്റെ യാത്രാമൊഴി. അര്‍ജുനെ അവസാനമായി ഒരു നോക്കു കാണാന്‍ കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലേയ്ക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. അര്‍ജുനെ വാര്‍ത്തയിലൂടെ മാത്രം അറിഞ്ഞ് കാണാനെത്തിയവരാണ് ഇതില്‍ ഏറെയും.
അര്‍ജുന്റെ മൃതദേഹത്തിന് മുന്നില്‍ പലരും നിറകണ്ണുകളോടെ നിന്നു. മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, കെ ബി ഗണേഷ് കുമാര്‍, എം കെ രാഘവന്‍ എംപി, കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍, അര്‍ജുനായി രക്ഷാപ്രവര്‍ത്തനം നടത്തിയ ഈശ്വര്‍ മാല്‍പെ ഉള്‍പ്പെടെ നിരവധി പേര്‍ അര്‍ജുന് അന്ത്യമോപചാരം അര്‍പ്പിച്ചു. അര്‍ജുന്‍ ഏറെ ആഗ്രഹിച്ച് നിര്‍മിച്ച വീടിന് സമീപം ഒരുക്കിയ ചിതയില്‍ മൃതദേഹം സംസ്‌കരിച്ചു.
ഇന്ന് പുലര്‍ച്ചെയോടെയാണ് അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലിലെ വീട്ടില്‍ എത്തിച്ചത്.എട്ട് മണിയോടെ പൊതുദര്‍ശനം ആരംഭിച്ചു. ഇതിന് പിന്നാലെ നാടിന്റെ നാനാഭാഗത്ത് നിന്ന് ആളുകള്‍ അര്‍ജുന്റെ വീട്ടിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചയാണ് കണ്ടത്. അര്‍ജുന് തൊട്ടരുകില്‍ ഭാര്യയും സഹോദരിയുമടക്കമുള്ളവരുണ്ടായിരുന്നു. അര്‍ജുന്റെ ലോറിയുടമ മനാഫും നിറകണ്ണുകളോടെ അര്‍ജുനരികില്‍ നിന്നു. പതിനൊന്ന് മണിവരെയായിരുന്നു പൊതുദര്‍ശനം തീരുമാനിച്ചിരുന്നത്. എന്നാല്‍ ആളുകളുടെ ഒഴുക്ക് തുടര്‍ന്നതോടെ പൊതുദര്‍ശനം നീളുകയായിരുന്നു. അര്‍ജുന്റെ സഹോദരന്റെ നേതൃത്വത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. അര്‍ജുന്റെ മകന്‍ അയാനെ അവസാന നിമിഷം സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന ഭാഗത്തേയ്ക്ക് കൊണ്ടുവന്നിരുന്നു. നിര്‍ത്താതെയുള്ള കുഞ്ഞിന്റെ കരച്ചില്‍ അവിടെ കൂടിനിന്നവരുടെ കണ്ണുകള്‍ നനയിച്ചു.