അർജുൻ്റെ ട്രക്കിൻ്റെ ഭാഗങ്ങൾ കണ്ടെത്തിയതായി സൂചന. ഈശ്വർ മാൽപെ നടത്തിയ തെരച്ചിലിലാണ് ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയത്. രണ്ട് ടയറിൻ്റെ ഭാഗങ്ങൾ കണ്ടെത്തിയതായി ഈശ്വർ മാൽപെ ട്രക്ക് ഉടമ മനാഫിനെ അറിയിച്ചു. പുഴയിൽ മുങ്ങി പരിശോധന തുടരുന്നു.
നാവികസേന സിപി4 എന്ന് അടയാളപ്പെടുത്തിയ ഇടത്തിൽ നിന്നും 30 മീറ്റർ അകലെ നിന്നാണ് ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയത്. ഏകദേശം 15 അടി താഴ്ചയിലായിരുന്നു ഇത് കിടന്നിരുന്നതെന്നും ഈശ്വർ മാൽപെ വ്യക്തമാക്കി. ലോറി തലകീഴായി മറിഞ്ഞു കിടക്കുകയാണെന്നും ഇത് പുറത്തെടുത്താൽ മാത്രമേ ആരുടെ ലോറിയെന്ന കാര്യത്തിൽ വ്യക്തത വരുകയുള്ളൂവെന്നും മനാഫ് പറഞ്ഞു.
ഇന്നലെ നടത്തിയ പരിശോധനയിൽ ട്രക്കിന്റെ ലോഹഭാഗങ്ങളും കയർ കഷ്ണവും കണ്ടെത്തിയിരുന്നു. ഈ സ്ഥലം കേന്ദ്രീകരിച്ചാണ് വിശദമായ തെരച്ചിൽ നടക്കുന്നത്. ഡ്രഡ്ജർ ഉപയോഗിച്ചുള്ള പരിശോധയാണ് നിലവിൽ ഗംഗാവലി പുഴയിൽ പുരോഗമിക്കുന്നത്.