അമേരിക്ക . 97-ാമത് ഓസ്‌കർ ചലച്ചിത്ര പുരസ്‌കാരവേദിയിൽ തിളങ്ങി ‘അനോറ’. മികച്ച സിനിമ, സംവിധാനം, നടി, അവലംബിത തിരക്കഥ എന്നിവയ്ക്കുള്ള നാല് പുരസ്‌കാരങ്ങൾ സ്വന്തമാക്കി. സിനിമയുടെ സംവിധാനം, തിരക്കഥ എഡിറ്റിങ് എന്നീ മൂന്ന് പ്രധാനപ്പെട്ട വിഭാഗങ്ങളും കൈകാര്യം ചെയ്ത ഷോൺ ബേക്കറിന് രണ്ട് ഓസ്‌കർ ശിൽപ്പം സ്വന്തമാക്കാനായി. ഷോൺ ബേക്കറിനെ മികച്ച സംവിധായകനും തിരക്കഥാകൃത്തുമായി തിരഞ്ഞെടുത്തു.

മികച്ച നടന്‍ ഏഡ്രിയന്‍ ബ്രോഡി. ബ്രൂട്ടലിസ്റ്റ് എന്ന സിനിമയിലെ പകർന്നാട്ടത്തിനാണ് ബ്രോഡി മികച്ച നടനുള്ള പുരസ്‌കാരം ഒരിക്കൽകൂടി നേടിയത്. ഇരുപത്തൊമ്പതാം വയസിൽ ദ് പിയാനിസ്റ്റ് എന്ന സിനിമയിലെ തകർപ്പൻ പ്രകടനത്തിനാണ് ബ്രോഡി ആദ്യത്തെ ഓസ്‌കർ അവാർഡ് നേടുന്നത്.
ലെംഗിക തൊഴിലാളിയായി ഉള്ളിൽതട്ടുന്ന പ്രകടനം നടത്തിയാണ് മിക്കി മാഡിസൺ ‘അനോറ’യിലെ കഥാപാത്രത്തെ ഉജ്വലമാക്കിയത്. അവാർഡ് സ്വീകരിച്ചു കൊണ്ട് മിക്കി നടത്തിയ പ്രസംഗവും വൈറലായി. ലൈംഗിക തൊഴിലാളികൾക്ക് പിന്തുണ പ്രഖ്യാപിച്ച മിക്കി മാഡിസന്റെ വാക്കുകൾ വൻ കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്.

