കൊച്ചി: കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് മുന്‍ഗണനാ ലിസ്റ്റില്‍ ആദ്യമുണ്ടായിരുന്ന ദീപ്തി മേരി വര്‍ഗീസിനെ പരിഗണിക്കാത്തതിലെ അതൃപ്തി പരസ്യമാക്കി കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. കെപിസിസി മാനദണ്ഡങ്ങള്‍ പൂര്‍ണമായും ലംഘിക്കപ്പെട്ടുവെന്നും കൊച്ചി കോര്‍പ്പറേഷനില്‍ ഗ്രൂപ്പ് സജീവമാണെന്നും അജയ് തറയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കോര്പ്പറേഷന് തലത്തിലുള്ള കോര്‍കമ്മിറ്റി കൂടാതെ മേയറെ പ്രഖ്യാപിച്ചു. ഏത് മാനദണ്ഡമാണ് ഉപയോഗിച്ചതെന്ന് ആരും വ്യക്തമാക്കിയിട്ടില്ല. ഭൂരിപക്ഷ അഭിപ്രായം ആരുടേതാണെന്ന് അറിയില്ല. തെരഞ്ഞെടുപ്പിന് മുന്‍പ് ദീപ്തിയായിരിക്കും മേയര്‍ എന്ന ഒരു പൊതു ധാരണ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കോര്‍ കമ്മിറ്റി യോഗം കൂടി. കൗണ്‍സിലര്‍മാരുടെ അഭിപ്രായം തേടി. എന്നെയും മുഹമ്മദ് ഷിയാസിനെയും ഡൊമനിക് പ്രസന്റേഷനെയും കൗണ്‍സിലര്‍മാരുടെ അഭിപ്രായം അറിയാന്‍ ചുമതലപ്പെടുത്തി. ഗ്രൂപ്പിന്റെ അതിപ്രസരമാണ് കൊച്ചി കോര്‍പ്പറേഷനില്‍. കൊച്ചി കോര്‍പ്പറേഷനില്‍ ഗ്രൂപ്പിന്റെ തിരമാല ആഞ്ഞടിക്കുകയാണ്. ഓരോ ആളും നിര്‍ത്തിയ സ്ഥാനാര്‍ഥിയോട് നീ ഞങ്ങളുടെ ഗ്രൂപ്പാണ് ഞങ്ങള്‍ പറയുന്നത് കേള്‍ക്കണം.
ഞങ്ങളുടെ ആളാണ് എന്നെല്ലാമാണ് പറയുന്നത്. എല്ലാ ഗ്രൂപ്പ് നേതാക്കന്മാരും നേതാക്കന്മാരും ഞങ്ങളുടെ പക്ഷത്ത് നില്‍ക്കണമെന്ന് പറഞ്ഞു കൊണ്ട് ചേരിയാക്കി മാറ്റുകയാണ്. കോര്‍ കമ്മിറ്റി യോഗം കൂടാതെ ഏകപക്ഷീയമായി മേയറെയും ഡെപ്യൂട്ടി മേയറെയും പ്രഖ്യാപിച്ചു. കെപിസിസി സര്‍ക്കുലര്‍ ലംഘിക്കപ്പെട്ടു.’- അജയ് തറയില്‍ കുറ്റപ്പെടുത്തി.