നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കേസിൽ നടൻ ദീലിപിന്റെയും കൂട്ടരുടെയും 33 മണിക്കൂർ ചോദ്യംചെയ്യൽ പൂർത്തിയായി - Kottayam Media

Crime

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കേസിൽ നടൻ ദീലിപിന്റെയും കൂട്ടരുടെയും 33 മണിക്കൂർ ചോദ്യംചെയ്യൽ പൂർത്തിയായി

Posted on

കൊച്ചി :നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കേസിൽ നടൻ ദീലിപിന്റെയും കൂട്ടരുടെയും 33 മണിക്കൂർ ചോദ്യംചെയ്യൽ പൂർത്തിയായി. അവസാനദിനം വീഡിയോ തെളിവുകളടക്കം ഉപയോഗിച്ചുള്ള ചോദ്യംചെയ്യലാണു നടന്നത്. രണ്ടുദിവസങ്ങളിലായി ചോദ്യംചെയ്തതിലൂടെ ലഭിച്ച മൊഴിയിലെ പൊരുത്തക്കേടുകൾ ചേർത്തുള്ള ചോദ്യങ്ങളും ചോദിച്ചു. മൂന്നാംദിനവും കുറ്റംചെയ്തിട്ടില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ദിലീപ്.
ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ കാര്യങ്ങളിൽ ദിലീപ് ഉറച്ചുനിന്നു. പല തെളിവുകളും ദിലീപിനുമുന്നിൽ അന്വേഷണസംഘം നിരത്തിയെങ്കിലും ഇതെല്ലാം സംവിധായകൻ ബാലചന്ദ്രകുമാർ കെട്ടിച്ചമച്ചതാണെന്നാണ് ദിലീപ് പറഞ്ഞത്.

ചൊവ്വാഴ്ച ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ വ്യാസൻ എടവനക്കാടിനെ അന്വേഷണസംഘം വിളിച്ചുവരുത്തി. ശബ്ദരേഖയിലെ ശബ്ദം ദിലീപിന്റേതാണെന്ന് വ്യാസൻ തിരിച്ചറിഞ്ഞു. കേസിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന് വ്യാസൻ മാധ്യമങ്ങളോടു പറഞ്ഞു.
അവസാന ദിനത്തിലെ ചോദ്യം ചെയ്യലിന് നേതൃത്വം നൽകാൻ ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തും എത്തി. ഇതുവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങൾ ശ്രീജിത്തിന്റെ നേതൃത്വത്തിൽ വിശകലനംചെയ്തു.

പ്രതികളുടെ വൈരുധ്യം നിറഞ്ഞ മൊഴികൾ ക്രൈംബ്രാഞ്ച് പരിശോധിക്കുകയാണ്. ശബ്ദരേഖയിലുള്ളത് പ്രതികളുെട ശബ്ദംതന്നെയെന്ന് സ്വതന്ത്രമൊഴികളിലൂടെ സ്ഥിരീകരിക്കുകയുംചെയ്തു. ഇതുകേന്ദ്രീകരിച്ചാകും വ്യാഴാഴ്ച ഹൈക്കോടതിയിൽ അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിക്കുക. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ദിലീപിന്റെയും കൂട്ടരുടെയും മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി വിധിപറയുക.

 

ചോദ്യം ചെയ്യുന്നതുവരെ കോടതിയിൽ ഹാജരാക്കിയ തെളിവുകൾ ദിലീപിനെ അറസ്റ്റുചെയ്യാൻമാത്രം ശക്തമായിരുന്നില്ല. എന്നാൽ, ഗൂഢാലോചന സംബന്ധിച്ച ചില വിവരങ്ങളുണ്ടായിരുന്നു. ഇതാണ് ദിലീപിനെ മൂന്നുദിവസം ചോദ്യംചെയ്യാൻ കാരണം. നിർണായകത്തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് ക്രൈംബ്രാഞ്ചിന് തിരിച്ചടിയാകും.ദിലീപിനെ കൂടാതെ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സൂരജ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, അപ്പു എന്നിവരെയാണ് മൂന്നു ദിവസങ്ങളിലായി ചോദ്യം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version