മലയിൻകീഴ്: ആമച്ചാൽ മുസ്ലിം പള്ളിക്ക് സമീപം വഴിയാത്രക്കാരിയുടെ കൈയില്‍ തട്ടി നിയന്ത്രണം തെറ്റിയ ബൈക്കില്‍ നിന്ന് റോഡില്‍ വീണ യുവാവ് കെഎസ്ആർടിസി ബസിനടിയില്‍പ്പെട്ട് മരിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി സുനിതയുടെ മകനാണ് മരിച്ച അഭിജിത്ത്.

കാട്ടാക്കട മുരളിയ ഡെയറിയിലെ ജീവനക്കാരനായിരുന്നു അഭിജിത്ത്. വീട്ടില്‍നിന്ന് ഡെയറിയിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. റോഡിന്റെ വശത്തുകൂടി നടന്നുപോയ സ്ത്രീയുടെ കൈയില്‍ ബൈക്കിന്റെ ഹാൻഡില്‍ തട്ടുകയായിരുന്നു. ബൈക്ക് റോഡിന് ഇടതുവശത്തേക്കും അഭിജിത്ത് എതിർ ദിശയില്‍നിന്നു വന്ന ബസിനടിയിലേക്കുമാണ് വീണത്.
ബസിന്റെ പിൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങി. അപകടത്തെ തുടർന്ന് ആളുകള്‍ കൂടിയെങ്കിലും ഒരു മണിക്കൂറോളം അഭിജിത്ത് റോഡില്‍ത്തന്നെ കിടന്നു.

പൊലീസെത്തി നടപടികള്‍ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.