മലപ്പുറം: കൂരിയാട് ദേശീയ പാത തകർന്നുണ്ടായ അപകടം വിശദീകരിച്ച് അപകടത്തിൽ പരിക്കേറ്റ കുടുംബം.

സർവീസ് റോഡിലെ വിള്ളൽ കണ്ടാണ് വാഹനം പതുക്കെ ഓടിച്ചതെന്നും അപ്രതീക്ഷിതമായാണ് മുകളിൽ നിന്നും കോൺക്രീറ്റ് വീണതെന്നും കുടുംബം പറഞ്ഞു.

കല്ലും, കമ്പിക്കഷ്ണങ്ങളും വണ്ടിയുടെ മുകളിലേക്ക് വീണു. പെട്ടെന്ന് റോഡ് ചരിഞ്ഞുപോയി. വാഹനത്തിന്റെ ഗ്ലാസ്സുകൾ തകർന്നാണ് ഉള്ളിലുണ്ടായിരുന്നവർക്ക് പരിക്കേറ്റതെന്നും കുടുംബം പറഞ്ഞു.
ഒരു കുട്ടിയും നാല് സ്ത്രീകളും ഒരു പുരുഷനുമാണ് കാറിൽ ഉണ്ടായിരുന്നത്. അപകടത്തിൽ വാഹനം പൂർണമായി തകർന്നു. ഇരുപത് മിനിറ്റോളം പരിക്കേറ്റവർ രക്തം വാർന്ന് കാറിൽ കിടന്നുവെന്നും കുടുംബം പറയുന്നു.

