പാലക്കാട് ഗവ. മെഡിക്കൽ കോളേജിനു മുൻപിൽ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ സ്കൂട്ടറിൽ ബസിടിച്ച് വിദ്യാർഥിനി മരിച്ചു. കൊട്ടേക്കാട് ആനപ്പാറ സ്വദേശി സതീഷിന്റെ മകൾ ആരതിയാണ് (13) മരിച്ചത്.

ചന്ദ്രനഗർ മൂകാംബിക വിദ്യാനികേതൻ സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിനിയാണ്. വാഹനം ഓടിച്ചിരുന്ന പിതൃസഹോദരി കൊടുമ്പ് കരിങ്കരപ്പള്ളി അമ്പലപ്പറമ്പ് ദേവി സുരേഷിനെ (38) സാരമായ പരിക്കുകളോടെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശീയപാതയോരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് എതിർവശത്തുള്ള മെഡിക്കൽ കോളേജിലേക്ക് പോകാൻ പാത മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ, തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള, ദേവിയുടെ അമ്മയെ കാണാനായിരുന്നു യാത്ര. ഈ സമയത്ത് ഗുരുവായൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന തമിഴ്നാട് സർക്കാരിന്റെ ബസ് ഇടിക്കുകയായിരുന്നെന്ന് ടൗൺ സൗത്ത് പോലീസ് പറഞ്ഞു.