പേർഷ്യൻ പൂച്ചയെ കാണിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ വീട്ടിലെത്തിച്ച് ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് മൂന്ന് വർഷം കഠിനതടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. മുതുകാട് തോണക്കര സ്വദേശി സെബാസ്റ്റ്യൻ എന്ന ഷിജുവിനെയാണ് (56) നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ദേവൻ കെ. മേനോൻ ശിക്ഷിച്ചത്.

2025 ഫെബ്രുവരി 15-നായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടി തനിച്ചായിരുന്ന സമയം നോക്കി വീട്ടിലെത്തിയ പ്രതി, തൻ്റെ കയ്യിലുള്ള പേർഷ്യൻ പൂച്ചയെ കാണിച്ചുതരാമെന്ന് പറഞ്ഞ് കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് കേസ്.

സംഭവത്തിന് പിന്നാലെ പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. പെരുവണ്ണാമൂഴി പോലീസ് ഇൻസ്പെക്ടറായിരുന്ന പി.എം. മനോജ്, എസ്.ഐ ജിതിൻ വാസ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.