മരണശേഷം ഭിക്ഷാടകയുടെ വീട്ടിൽ അയൽവാസികൾ കയറി നോക്കി; കണ്ടെടുത്തത് 30-ലധികം ചാക്ക് നോട്ടുകളും നാണയങ്ങളുംജീവിതകാലം മുഴുവൻ തെരുവിൽ കൈനീട്ടി ജീവിച്ച വൃദ്ധയുടെ മരണത്തിന് പിന്നാലെ വീട്ടിനുള്ളിൽ നിന്ന് കണ്ടെത്തിയത് ലക്ഷക്കണക്കിന് രൂപയുടെ നോട്ട് ചാക്കുകൾ. കർണാടകയിലെ മാണ്ഡ്യ സ്വദേശിയായ ഹൂർ (68) എന്ന വൃദ്ധയുടെ കൊച്ചു വാടകവീട്ടിൽ നിന്നാണ് നാടിനെയാകെ അമ്പരപ്പിച്ച സമ്പാദ്യം കണ്ടെത്തിയത്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചൊവ്വാഴ്ചയാണ് ഇവർ അന്തരിച്ചത്.

സഹോദരിയുടെ മരണശേഷം തനിച്ചു താമസിച്ച് വരികയായിരുന്നു ഹൂർ. ഭിക്ഷ യാചിച്ചു കിട്ടുന്ന തുകയിൽ നിന്ന് വയറുനിറയ്ക്കാൻ ആവശ്യമായത് മാത്രം ഉപയോഗിച്ച് ബാക്കി മുഴുവൻ തുകയും ചാക്കുകളിലാക്കി സൂക്ഷിക്കുകയായിരുന്നു. മരണവിവരമറിഞ്ഞ് വീട് പരിശോധിച്ച അയൽവാസികളാണ് വീടിന്റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിൽ ചാക്കുകളും തുണിസഞ്ചികളും കണ്ടെത്തിയത്.

30-ലധികം ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 10, 20, 50 രൂപ നോട്ടുകളും ആയിരക്കണക്കിന് നാണയങ്ങളുമാണ് നാട്ടുകാർ പുറത്തെടുത്തത്. മണിക്കൂറുകളോളം നീണ്ട എണ്ണലിനൊടുവിൽ ആകെ 8.40 ലക്ഷം രൂപയുടെ സമ്പാദ്യമുണ്ടെന്ന് വ്യക്തമായി. നാട്ടുകാർ പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

തുടർന്ന് പൊലിസിന്റെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ തുക ഹൂറിന്റെ സഹോദരന്മാർക്ക് കൈമാറി. ഇതിൽ 6 ലക്ഷം രൂപ ഒരു സഹോദരൻ സ്വീകരിച്ചപ്പോൾ, ബാക്കി വന്ന 2.40 ലക്ഷം രൂപ രണ്ടാമത്തെ സഹോദരൻ പ്രാദേശിക മസ്ജിദിലേക്ക് സംഭാവനയായി നൽകി. സ്വന്തം ജീവിതത്തിൽ ഒരു ചെറിയ സന്തോഷം പോലും അനുഭവിക്കാൻ കഴിയാതെയാണ് ഈ വൃദ്ധ യാത്രയായത്.