ഓണത്തിന് നാട്ടിലെത്താൻ മറുനാടൻ മലയാളികൾ തീവണ്ടി ടിക്കറ്റിന് നൽകിയത് മൂന്നിരട്ടി തുക. റെയിൽവേ പ്രത്യേക വണ്ടികൾ ഓടിച്ചിട്ടും ബെർത്തിന്റെ പൊള്ളുന്ന വിലയ്ക്ക് ഒരു കുറവും വന്നില്ല.

ഓണ സീസണിൽ റെയിൽവേ ഇത്തവണ 112 തീവണ്ടികൾ ഓടിക്കുന്നുണ്ട്. ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ ആറുവരെയാണ് സർവീസ്. മറുനാടൻ കുടുംബങ്ങൾക്ക് നാട്ടിലേക്ക് നേരത്തേയെത്താൻ ഇത് ഗുണംചെയ്തു. എന്നാൽ ഓണത്തോടടുപ്പിച്ച് നാട്ടിലെത്തേണ്ടവർക്ക് വണ്ടികൾ കുറവായിരുന്നു. സാധാരണപോല അവർക്ക് പ്രീമിയം തത്കാലിന് വലിയ തുക നൽകേണ്ടിവന്നു.”

തിങ്കളാഴ്ച പ്രീമിയം തത്കാലെടുത്ത് ചെന്നൈയിൽനിന്ന് വെസ്റ്റ്കോസ്റ്റിന് കണ്ണൂരേക്ക് കയറിയവർ 3515 രൂപയാണ് തേർഡ് എ.സി.ക്ക് നൽകിയത് (1190 രൂപയാണ് സാധാരണ നിരക്ക്). സ്ലീപ്പറിന് 1415 രൂപ നൽകി (465 രൂപ സാധാരണ നിരക്ക്). എഗ്മോർ എക്സ്പ്രസിലെ സ്ലീപ്പർനിരക്ക് 1515 രൂപയായിരുന്നു (450 രൂപ സാധാരണ നിരക്ക്). യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസിൽ സ്ലീപ്പറിന് 1320 രൂപയാണ് നൽകിയത് (സാധാരണ നിരക്ക്-390 രൂപ). തേർഡ് എ.സി.ക്ക് 3025 രൂപ നൽകി (സാധാരണ നിരക്ക് 1025 രൂപ).”

“താംബരത്തുനിന്ന് എറണാകുളത്തേക്കുള്ള ഗുരുവായൂർ എക്സ്പ്രസിലെ സ്ലീപ്പർ നിരക്ക് 1740 രൂപയായിരുന്നു. തേർഡ് എ.സി.ക്ക് 4040 രൂപയും നൽകി (സാധാരണ നിരക്ക് യഥാക്രമം 505 രൂപ, 1325 രൂപ). മൂംബൈയിൽനിന്നുള്ള നേത്രാവതിക്ക് കണ്ണൂരേക്ക് തേർഡ് എ.സി. നിരക്ക് 3025 രൂപയായിരുന്നു (1485 രൂപയാണ് സാധാരണ നിരക്ക്). കേരളത്തിനുള്ളിലെ തീവണ്ടി ബെർത്ത് നിരക്കും പൊള്ളിക്കും. തിരുവനന്തപുരത്തുനിന്ന് കണ്ണൂരേക്ക് മാവേലിക്ക് തേർഡ് എ.സി.യിൽ 3450 രൂപയായിരുന്നു (795 രൂപയാണ് സാധാരണ നിരക്ക്) ഈടാക്കിയത്.”
ഡൽഹിയിൽനിന്ന് ഓണദിവസം (വ്യാഴാഴ്ച) നാട്ടിലെത്താൻ ടിക്കറ്റ് എടുത്ത ഡൽഹി യാത്രക്കാരൻ സ്ലീപ്പർ ടിക്കറ്റിന് നൽകിയത് 2955 രൂപ. കണ്ണൂരേക്ക് സാധാരണ നിരക്ക് 1015 രൂപയാണ്. ചെന്നൈയിൽനിന്ന് കണ്ണൂരേക്ക് ഓണദിവസം എത്താൻ 1360 രൂപയുടെ സ്ലീപ്പർ ടിക്കറ്റാണ് കിട്ടിയത്. 455 രൂപയാണ് സാധാരണ നിരക്ക്.
തീവണ്ടിയാത്രയ്ക്കുള്ള അവസാന പ്രതീക്ഷയാണ് തത്കാൽ ടിക്കറ്റ്. എന്നാൽ ഭൂരിഭാഗം വണ്ടികളിലും തത്കാൽ ക്വാട്ടയിലെ ബെർത്തുകൾ പ്രീമിയം ക്വാട്ടയിലേക്ക് റെയിൽവേ മാറ്റി. മാവേലി, മലബാർ എക്സ്പ്രസുകളിൽ 110 സ്ലീപ്പർ ബെർത്താണ് ഇതിലേക്ക് മാറ്റിയത്. കേരളത്തിലോടുന്ന വണ്ടികൾക്ക് പുറമേ ചെന്നൈ, മുംബൈ, ഡൽഹി വണ്ടികളിലും 100-ലധികം ബെർത്തുകൾ പ്രീമിയം തത്കാലിലാണ്. തീവണ്ടിസമയം അടുക്കുന്തോറും ഉയർന്നനിരക്ക് (ഫ്ലെക്സി നിരക്ക്) ഈടാക്കുന്നതാണ് പ്രീമിയം തത്കാൽ.”