ഓട്ടവ: വിമാനത്തിനുള്ളിൽ സീറ്റിൽ എഴുന്നേറ്റു നിൽക്കുകയും സീറ്റ് ബെൽറ്റ് ധരിക്കാൻ വിസമ്മതിക്കുകയും ചെയ്ത കുട്ടിയുടെ കടുംപിടുത്തത്തെ തുടർന്ന് കാനഡയിൽ വിമാനം റദ്ദാക്കി.

കാനഡയിലെ വിക്ടോറിയയിൽ നിന്നും ടൊറന്റോയിലേക്ക് പുറപ്പെടേണ്ടിയിരുന്ന പോർട്ടർ എയർലൈൻസ് വിമാനമാണ് (PD444) ഒരു കുട്ടിയുടെ വാശി കാരണം യാത്ര റദ്ദാക്കേണ്ടി വന്നത്. വിമാനത്തിന്റെ വാതിലുകൾ അടച്ച് വിക്ടോറിയ രാജ്യാന്തര വിമാനത്താവളത്തിന്റെ ടെർമിനലിൽ നിന്നും റൺവേയിലേക്ക് നീങ്ങുന്നതിനിടയിലാണ് സംഭവം.

ഒരു ചെറിയ കുട്ടി സ്വന്തം സീറ്റിൽ എഴുന്നേറ്റു നിൽക്കുന്നതും സീറ്റ് ബെൽറ്റ് ധരിക്കാൻ കൂട്ടാക്കാത്തതും വിമാനത്തിലെ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളും വിമാനത്തിലെ ക്യാബിൻ ക്രൂവും ചേർന്ന് കുട്ടിയെ സീറ്റ് ബെൽറ്റ് ധരിപ്പിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ വിമാനം ടേക്ക് ഓഫ് ചെയ്യാൻ കഴിയില്ലെന്ന് പൈലറ്റ് നിലപാടെടുത്തു. തുടർന്ന് കുട്ടിയെയും മാതാപിതാക്കളെയും വിമാനത്തിൽ നിന്നും ഇറക്കിവിടാൻ തീരുമാനിക്കുകയായിരുന്നു.
എന്നാൽ ഇവരെ ലഗേജ് സഹിതം വിമാനത്തിൽ നിന്ന് പുറത്തെത്തിക്കാനും, പുതിയ ഫ്ലൈറ്റ് പ്ലാനുകൾ തയാറാക്കി മറ്റ് പേപ്പർ ജോലികൾ പൂർത്തിയാക്കാനും വലിയ സമയതാമസം നേരിട്ടു. നടപടിക്രമങ്ങൾ പൂർത്തിയായപ്പോഴേക്കും സമയം അർധരാത്രി പിന്നിട്ടിരുന്നു.
ഈ സമയത്തോടെ വിമാനത്താവളത്തിലെ റൺവേ രാത്രികാലത്തേക്ക് അടച്ചതിനാൽ മറ്റ് യാത്രക്കാർക്ക് വിക്ടോറിയയിൽ തന്നെ തുടരേണ്ടി വന്നു. സംഭവത്തിൽ എയർലൈൻസ്, യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമാപണം നടത്തി. അടുത്ത ദിവസം ഇവർക്കായി ബദൽ വിമാനം ഏർപ്പെടുത്തുകയും ചെയ്തു.