വെള്ളക്കെട്ടിലൂടെയോ പ്രളയജലത്തിലൂടെയോ യാതൊരു കാരണവശാലും ബസ് ഓടിക്കരുതെന്നും, എന്തെങ്കിലും അപകടം സംഭവിച്ചാല്‍ സ്ഥാപനവും അധികാരികളും ഡ്രൈവറെ മാത്രം കുറ്റക്കാരനാക്കുമെന്നും ജയദീപ് ഫെയ്സ്ബുക്കിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും സഹപ്രവര്‍ത്തകരെ ഓര്‍മ്മിപ്പിക്കുന്നു.

2021-ലെ പ്രളയകാലത്ത് വലിയ വെള്ളക്കെട്ടിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ് ഇറക്കി ഓടിച്ച് വലിയ രീതിയില്‍ വൈറലായ ഡ്രൈവറാണ് ഈരാറ്റുപേട്ട ഡിപ്പോയിലെ ജീവനക്കാരനായിരുന്ന ജയദീപ്. അന്ന് സാഹസികമായി ബസ് വെള്ളത്തിലൂടെ മുന്നോട്ടെടുത്തെങ്കിലും പിന്നീട് വലിയ നിയമനടപടികളും അച്ചടക്കനടപടികളുമാണ് ഇയാള്‍ക്ക് നേരിടേണ്ടി വന്നത്. ഇതേക്കുറിച്ച് സ്വന്തം അനുഭവങ്ങള്‍ വിവരിച്ചുകൊണ്ടാണ് മഴക്കാലത്ത് ഡ്രൈവര്‍മാര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ജയദീപ് മുന്നറിയിപ്പ് നല്‍കുന്നത്.

ഇന്ന് മഴ കനക്കുന്ന സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഇത്തരം സമയങ്ങളില്‍ ഓടിക്കാതിരിക്കുന്നതാണ് ബുദ്ധിയെന്നാണ് ജയദീപിന്റെ പ്രധാന ഉപദേശം. ‘അന്ന് വെള്ളത്തില്‍ ബസിറക്കിയതിന് ഇന്നും ഞാന്‍ കോടതി കയറിയിറങ്ങുകയാണ്. ഈ കേസും വഴക്കുമായി ഇതുവരെ 13 ലക്ഷത്തോളം രൂപയാണ് എനിക്ക് ചെലവായത്,’ എന്ന് ജയദീപ് വെളിപ്പെടുത്തുന്നു.
വളരെ കടുത്ത വാക്കുകളിലാണ് കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റിന്റെ സമീപനത്തെ ജയദീപ് വിമര്‍ശിക്കുന്നത്. ‘വെള്ളക്കെട്ടില്‍ വണ്ടി കുടുങ്ങിയാല്‍ അതോടെ മാനേജ്മെന്റ് കൈ കഴുകും. എന്തെങ്കിലും സംഭവിച്ചാല്‍ എല്ലാ ഉത്തരവാദിത്തവും ഡ്രൈവറുടെ പിടലിക്ക് തള്ളിയിരിക്കും,’ എന്നും ഇയാള്‍ മുന്നറിയിപ്പ് നല്‍കുന്നു.
സ്വകാര്യ ബസ് മേഖലയുമായി കെ.എസ്.ആര്‍.ടി.സിയെ താരതമ്യം ചെയ്തുകൊണ്ടും ജയദീപ് തനിക്കേറ്റ അനുഭവം പങ്കുവെക്കുന്നുണ്ട്. ‘സ്വകാര്യ ബസ് ഓടിച്ചാല്‍ ഈ കുഴപ്പമൊന്നുമില്ല. ഏതെങ്കിലും ഒരു പ്രൈവറ്റ് മുതലാളി സ്വന്തം വണ്ടി തന്നു വിട്ടിട്ട്, അത് വെള്ളത്തില്‍ കുടുങ്ങിയതിന്റെ പേരില്‍ ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് കൊടുക്കാന്‍ പോകുമോ?’ എന്ന് ജയദീപ് ചോദിക്കുന്നു.
കേസിനാസ്പദമായ സംഭവം നടക്കുന്നത് 2021 ഒക്ടോബര്‍ 16-നായിരുന്നു. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവറായിരുന്ന ജയദീപ്, മുണ്ടക്കയത്തു നിന്നും ഈരാറ്റുപേട്ടയിലേക്ക് 14 യാത്രക്കാരുമായി പോകുകയായിരുന്നു. പൂഞ്ഞാര്‍ പള്ളിക്കു മുന്‍പിലെ വലിയ വെള്ളക്കെട്ടിലേക്കാണ് ജയദീപ് ബസ് ഓടിച്ചു കയറ്റിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ സംഭവം വിവാദമായി.
തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി യൂണിറ്റ് മാനേജര്‍ നല്‍കിയ പരാതിയില്‍ പൊതുമുതല്‍ നശിപ്പിച്ചതിന് ജയദീപിനെതിരെ പോലീസ് കേസെടുത്തു. പ്രളയജലത്തില്‍ വണ്ടിയിറക്കിയ നടപടിയിലൂടെ കെ.എസ്.ആര്‍.ടി.സിക്ക് 5.33 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിവെച്ചു എന്നായിരുന്നു മാനേജ്മെന്റിന്റെ പ്രധാന ആരോപണം.
യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടാക്കുകയും ബസിന് കേടുപാടുകള്‍ വരുത്തുകയും ചെയ്‌തെന്നാരോപിച്ച് തൊട്ടുപിന്നാലെ ജയദീപിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഇതിനുശേഷമാണ് ജയദീപ് സ്വയം ‘വെള്ളത്തിലാശാന്‍’ എന്ന പേര് സ്വീകരിച്ച് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. അന്ന് വലിയ രീതിയില്‍ വെള്ളമില്ലാതിരുന്ന റോഡിലൂടെ കടന്നുപോകാം എന്ന പ്രതീക്ഷയിലാണ് താന്‍ ബസ് മുന്നോട്ടെടുത്തതെന്നാണ് ജയദീപ് വ്യക്തമാക്കുന്നത്.
ചെറിയ വാഹനങ്ങള്‍ക്ക് കടന്നുപോകാനായി ബസ് കുറച്ചുസമയം നിര്‍ത്തിക്കൊടുത്തിരുന്നു. എന്നാല്‍ ഇതിനിടയില്‍ മീനച്ചിലാറ്റില്‍ നിന്നും ഇരച്ചെത്തിയ പ്രളയജലത്തില്‍ ബസ് ഓഫായി നില്‍ക്കുകയായിരുന്നു. പിന്നീട് ബസ് സ്റ്റാര്‍ട്ട് ആയില്ല. ഒടുവില്‍ നാട്ടുകാര്‍ ചേര്‍ന്ന് ഒരാള്‍പ്പൊക്കമുള്ള വെള്ളത്തിലൂടെ യാത്രക്കാരെയെല്ലാം സുരക്ഷിതമായി കരയ്ക്കെത്തിക്കുകയായിരുന്നു. വടം ഉപയോഗിച്ച് ബസ് വലിച്ച് കയറ്റിയെങ്കിലും കേസും സസ്പെന്‍ഷനും ഒഴിവാക്കാന്‍ ജയദീപിനായില്ല. ആ പഴയ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇപ്പോഴത്തെ മഴക്കാലത്ത് ഡ്രൈവര്‍മാര്‍ക്ക് ജയദീപ് നിര്‍ണ്ണായക മുന്നറിയിപ്പ് നല്‍കുന്നത്.