
വാഗമൺ: ഈരാറ്റുപേട്ട സ്വദേശികളായ കുടുംബാംഗങ്ങളെ വാഗമണ്ണിൽ കയ്യേറ്റം ചെയ്ത സംഭവത്തിൽ പ്രതികൾ റിമാന്റിൽ. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിനെ തുടർന്ന് പോലീസ് സ്റ്റേഷനിൽ ഹാജരായ പ്രതികൾക്ക് പീരുമേട് കോടതി ജാമ്യം നൽകിയിരുന്നു.

ഇതിനു ശേഷം മർദനത്തിനിരയായവരെ വിളിച്ചു വരുത്തി മൊഴിയെടുത്ത കോടതിക്ക്, കേസിന്റെ വീഡിയോ ദൃശ്യങ്ങളുൾപ്പെടെ തെളിവുകളായി നൽകി. തുടർന്ന് കേസിന്റെ ഗൌരവം ബോധ്യപ്പെട്ട കോടതി ജാമ്യം റദ്ദാക്കി പ്രതികളെ റിമാന്റ് ചെയ്യുകയായിരുന്നു.
ക്രിസ്റ്റി ഭാഗ്യരാജ് (24), കണ്ണൻ (26), അജിത് കുമാർ (24), സുരേഷ് (55) എന്നിവരെയാണ് കഴിഞ്ഞ വ്യാഴാഴ്ച കോടതി റിമാന്റ് ചെയ്ത് പീരുമേട് സബ് ജയിലിലേക്ക് അയച്ചത്. മെയ് 24-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
സാദിഖും ഭാര്യയും സാദിഖിന്റെ പിതാവും മാതാവും ഭിന്നശേഷിക്കാരിയായ സഹോദരിയും അടങ്ങുന്ന സംഘത്തിന്റെ വാഹനം പ്രതികൾ വഴിയിൽ തടഞ്ഞിട്ട് ആക്രമിച്ചെന്നാണ് കേസ്.