Kerala

കെ എസ് ഇ ബി യിൽ നടക്കുന്നത് വെറും കെടുകാര്യസ്ഥത :റെഗുലേറ്ററി കമ്മീഷൻ

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിൽ കെഎസ്ഇബിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. 200 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള ടെണ്ടർ ഉറപ്പിച്ച ശേഷം, അതിന് അന്തിമ അനുവാദം നൽകേണ്ട റെഗുലേറ്ററി കമ്മീഷനെ വിവരമറിയിക്കാൻ കെഎസ്ഇബി രണ്ടാഴ്ചയോളം വൈകിപ്പിച്ചു എന്നാണ് റെഗുലേറ്ററി കമ്മീഷന്റെ കണ്ടെത്തൽ. ബോർഡിന്റേത് ഗുരുതര വീഴ്ചയാണെന്നും ഇത് ആവർത്തിക്കരുതെന്നും റെഗുലേറ്ററി കമ്മീഷൻ കെഎസ്ഇബിക്ക് ശക്തമായ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. അതിനിടെ, കോൺഗ്രസ് ഭരിക്കുന്ന അയൽസംസ്ഥാനമായ കർണാടകയിൽ അധിക വൈദ്യുതി ഉണ്ടായിട്ടും അത് വാങ്ങിയെടുക്കാനുള്ള കൃത്യമായ രാഷ്ട്രീയ ഇടപെടലുകൾ കേരളത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന ആരോപണവും ശക്തമാവുകയാണ്.

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടങ്ങിയത് ജൂൺ ആദ്യ ആഴ്ചയിലാണ്. എന്നാൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി ടെണ്ടർ വിളിച്ചത് ഈ ജൂൺ 15ന് മാത്രമാണെന്നാണ് കണ്ടെത്തൽ. തുടർന്ന് ജൂൺ 30നാണ് ടെണ്ടർ തുറന്നത്. അടുത്ത രണ്ട് ദിവസം കൊണ്ട് തന്നെ കമ്പനികളുമായുള്ള ചർച്ചകൾ പൂർത്തിയാക്കിയിരുന്നു. പിന്നാലെയാണ് യൂണിറ്റിന് 5 രൂപ 96 പൈസ നിരക്കിൽ വൈദ്യുതി വാങ്ങാൻ അദാനിയെയും മീനാക്ഷി എനർജിയെയും തിരഞ്ഞെടുത്തത്. ജൂലായ് രണ്ടിനായിരുന്നു ഈ തീരുമാനം. എന്നാൽ ഈ കരാറിന് അനുമതി തേടി കെഎസ്ഇബി റെഗുലേറ്ററി കമ്മീഷനെ സമീപിക്കാൻ രണ്ടാഴ്ച കൂടി വൈകിയെന്നാണ് ഗുരുതരമായ കണ്ടെത്തൽ.

പിന്നീട് ജൂലായ് 18നാണ് റെഗുലേറ്ററി കമ്മീഷൻ വൈദ്യുതി വാങ്ങാൻ അനുവാദം കൊടുത്തത്. പക്ഷേ, അപ്പോഴേക്കും വൈകിയ വേളയിൽ സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് ഉൾപ്പെടെയുള്ള പ്രതിസന്ധികൾ രൂക്ഷമായിരുന്നു. മഴക്കുറവും മറ്റ് സാങ്കേതിക കാരണങ്ങളും പ്രതിസന്ധിക്ക് ആക്കം കൂട്ടിയെങ്കിലും കെഎസ്ഇബി വരുത്തിയ ഈ ഗുരുതര വീഴ്ച വിഷയം കൂടുതൽ വഷളാക്കി എന്നാണ് ഉയരുന്ന വിമർശനം. കെഎസ്ഇബി ചെയ്തത് ഗുരുതര വീഴ്ചയാണെന്നും ആവർത്തിക്കരുതെന്ന മുന്നറിയിപ്പും റെഗുലേറ്ററി കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവിൽ തന്നെയുണ്ട്.

അതേസമയം, രാഷ്ട്രീയ നേതൃത്വം പ്രതിസന്ധി പരിഹരിക്കാൻ സജീവമായി ഇടപെടുന്നില്ലെന്ന ആരോപണം വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. അയൽസംസ്ഥാനമായ കർണാടക നിലവിൽ 200 മുതൽ 600 വരെ മെഗാവാട്ട് വൈദ്യുതിയാണ് പുറത്തേക്ക് വിൽക്കുന്നത്. മന്ത്രിതലത്തിലും കോൺഗ്രസ് നേതൃതലത്തിലും ശക്തമായി ഇടപെട്ടാൽ ഈ വൈദ്യുതി കേരളത്തിന് ലഭ്യമാക്കാൻ എളുപ്പമാണ് എന്നാണ് വിലയിരുത്തൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top