ഡാളസ്: ലോകകപ്പ് സെമി ഫൈനലില്‍ സ്പെയിനിനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോറ്റ് പുറത്തായതിന് പിന്നാലെ സഹതാരങ്ങളെയും ടീമിന്റെ തന്ത്രങ്ങളെയും പരസ്യമായി തള്ളിപ്പറഞ്ഞ് ക്യാപ്റ്റൻ കിലിയൻ എംബാപ്പെ. ഫ്രാൻസിന്റെ കളി ഒട്ടും നിലവാരമില്ലാത്തതായിരുന്നുവെന്നും ലോകകപ്പ് ഫൈനലില്‍ എത്താൻ തങ്ങള്‍ ഒട്ടും അർഹരായിരുന്നില്ലെന്നും എംബാപ്പെ തോല്‍വിക്കുശേഷം തുറന്നുപറഞ്ഞു. മത്സരത്തിലുടനീളം തന്ത്രപരമായി സ്പെയിൻ ഫ്രാൻസിനെ അടിച്ചമർത്തുകയായിരുന്നു. ഫ്രാൻസിന്റെ കരുത്തുറ്റ ആക്രമണനിരയെ പൂർണമായും പൂട്ടിയ സ്പെയിൻ, ഫ്രഞ്ച് പ്രതിരോധത്തിന്റെ പിഴവുകള്‍ കൃത്യമായി മുതലെടുക്കുകയും ചെയ്തു. മത്സരശേഷമുള്ള പത്രസമ്മേളനത്തിലാണ് എംബാപ്പെ സഹതാരങ്ങള്‍ക്കെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്.

കളിയില്‍ ഫ്രാൻസ് പൂർണ്ണ പരാജയമായിരുന്നുവെന്ന് എംബാപ്പെ തുറന്നുപറഞ്ഞു. തന്ത്രപരമായിട്ടോ സാങ്കേതികമായിട്ടോ ഞങ്ങള്‍ ഉദ്ദേശിച്ച രീതിയിലുള്ള ഒരു കളിയല്ല ഗ്രൗണ്ടില്‍ പുറത്തെടുത്തത്. ഒരു ലോകകപ്പ് സെമി ഫൈനലില്‍ ചെയ്യേണ്ട അടിസ്ഥാന കാര്യങ്ങള്‍ പോലും ചെയ്യാതിരുന്നാല്‍ നിങ്ങള്‍ക്ക് ഒരിക്കലും ജയിക്കാൻ കഴിയില്ല. ഞങ്ങളുടെ പന്തടക്കവും നീക്കങ്ങളും ഒരു സെമി ഫൈനലിന് ഒട്ടും യോഗ്യമായിരുന്നില്ല-എംബാപ്പെ വ്യക്തമാക്കി. സ്പെയിനെ ഉയർന്ന പ്രെസ്സിങ്ങിലൂടെ പ്രതിരോധിക്കാനായിരുന്നു തങ്ങളുടെ പദ്ധതിയെന്നും എന്നാല്‍ കളി നിയന്ത്രിക്കുന്നതില്‍ സ്പെയിൻ തങ്ങളേക്കാള്‍ എത്രയോ മുന്നിലായിരുന്നുവെന്നും എംബാപ്പെ സമ്മതിച്ചു.

മധ്യനിരയില്‍ സ്പെയിൻ തങ്ങളെ തന്ത്രപരമായി പൂട്ടിയതാണ് തോല്‍വിക്ക് ആക്കം കൂട്ടിയതെന്ന് എംബാപ്പെ ചൂണ്ടിക്കാട്ടി. മധ്യനിരയില്‍ സ്പെയിൻ നിരന്തരം മൂന്ന് കളിക്കാരെ വെച്ച് ഞങ്ങളുടെ രണ്ട് കളിക്കാരെ പ്രതിരോധിക്കുകയായിരുന്നു. സ്പെയിനെപ്പോലൊരു ടീമിനെതിരെ അത് വലിയ അപകടമാണ്. ഇതോടെ കളി പൂർണ്ണമായും കൈവിട്ടുപോയി. ഫൈനലിലെത്തി രാജ്യത്തെ വീണ്ടും ഒരു ചരിത്ര നിമിഷത്തിലേക്ക് നയിക്കുക എന്ന സ്വപ്നമാണ് തകർന്നതെന്നും എംബാപ്പെ പറഞ്ഞു.
ഈ ലോകകപ്പില്‍ എട്ട് ഗോളുകള്‍ നേടി ഗോള്‍ഡൻ ബൂട്ട് റേസില്‍ മുന്നിലുണ്ടായിരുന്ന എംബാപ്പെയുടെ കരിയറിലെ ഏറ്റവും മോശം മത്സരങ്ങളിലൊന്നായിരുന്നു ഇത്. കളിയില്‍ 34 തവണ പന്ത് തൊട്ടതൊഴിച്ചാല്‍ സ്പാനിഷ് ഗോള്‍പോസ്റ്റിലേക്ക് ഒരൊറ്റ ഷോട്ട് പോലും ഉതിർക്കാൻ ഫ്രഞ്ച് സൂപ്പർതാരത്തിന് കഴിഞ്ഞില്ല. വിമർശനങ്ങള്‍ ശക്തമാണെങ്കിലും ഈ പരാജയം ഉള്‍ക്കൊണ്ട് തലയുയർത്തിപ്പിടിച്ച് തന്നെ മുന്നോട്ട് പോകുമെന്നും എംബാപ്പെ പറഞ്ഞു. ഇനി അവധി ആഘോഷങ്ങള്‍ക്ക് ശേഷം റയല്‍ മാഡ്രിഡിനൊപ്പമുള്ള പുതിയ ക്ലബ്ബ് സീസണിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് എംബാപ്പെയുടെ തീരുമാനം. ഫുട്ബോള്‍ ആർക്കും വേണ്ടി കാത്തുനില്‍ക്കില്ലെന്നും ഈ പരാജയത്തില്‍ നിന്ന് പഠിച്ച് വീണ്ടും ആദ്യം മുതല്‍ തുടങ്ങുമെന്നും എംബാപ്പെ പറഞ്ഞു.