Kerala

മുല്ലപ്പെരിയാർ സുരക്ഷാ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഏകപക്ഷീയമായി നീക്കി; കേന്ദ്രം ഇടപെടണമെന്ന് ഡീൻ കുര്യാക്കോസ് എംപി

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധനയുമായി ബന്ധപ്പെട്ട് രൂപീകരിച്ച ദേശീയ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ സംസ്ഥാന സർക്കാരിനോട് ആലോചിക്കാതെ ഏകപക്ഷീയമായി നീക്കം ചെയ്തതിലൂടെ കേന്ദ്ര അതോറിറ്റി കേരളത്തെ പൂർണ്ണമായും അവഗണിച്ചിരിക്കുകയാണെന്ന് ഇടുക്കി ലോക്‌സഭാ മണ്ഡലം പ്രതിനിധി ഡീൻ കുര്യാക്കോസ് എംപി ആരോപിച്ചു.

ദേശീയ അണക്കെട്ട് സുരക്ഷാ നിയമപ്രകാരം രൂപീകരിച്ച അതോറിറ്റിയിൽ നിന്ന് കേരളം അർഹമായ നീതിയാണ് പ്രതീക്ഷിക്കുന്നതെന്നും ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തർക്കങ്ങൾ നിലനിൽക്കുന്ന മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഘടനയും സുരക്ഷയും വിലയിരുത്തുന്നതിനായി അഞ്ചംഗ അണക്കെട്ട് സുരക്ഷാ മൂല്യനിർണ്ണയ സമിതിയാണ് രൂപീകരിച്ചിരുന്നത്. ഈ സമിതിയിൽ ഉൾപ്പെട്ടിരുന്ന കേരളത്തിന്റെ ഔദ്യോഗിക പ്രതിനിധി ടികെ ശിവരാജനെയാണ് ഇപ്പോൾ മുൻകൂട്ടി അറിയിക്കാതെ സമിതിയിൽ നിന്നും അതോറിറ്റി മാറ്റിയത്.

കേരള സർക്കാർ സമർപ്പിച്ച മൂന്നംഗ പാനലിൽ നിന്നാണ് മുൻപ് കൃത്യമായ നടപടിക്രമങ്ങൾ പാലിച്ച് ഈ പ്രതിനിധിയെ തെരഞ്ഞെടുത്തിരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top